കോട്ടയം: ഒക്ടോബറോടെ ടൂറിസം മേഖല തുറന്നുകൊടുക്കുമെന്ന ടൂറിസം മന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പ്രതീക്ഷയിലാണ് ജില്ലയിലെ ഹോം സ്റ്റേ–റിസോർട്ട് മേഖല. കൊവിഡ് പ്രതിസന്ധിയിൽ തളർന്ന മേഖല, കൊവിഡിനെ സാദ്ധ്യതയാക്കി എങ്ങനെ മുന്നേറാമെന്ന പുതുചിന്തയിലാണ്.
ആറുമാസത്തിലേറെയായി കെട്ടിയിട്ട ഹൗസ് ബോട്ടുകൾക്ക് ഓട്ടം കിട്ടിത്തുടങ്ങിയത് സംരംഭകർക്ക് സന്തോഷം നൽകുന്നു. കുമരകത്ത് ഒരു ദിവസം രണ്ട് ബോട്ടെങ്കിലും ഓടുന്ന സ്ഥിതിയിലേയ്ക്കെത്തി. വീട്ടിൽ കെട്ടി പൂട്ടിയിരുന്ന് മടുത്തവർ എന്തായാലും വരുമെന്ന പ്രതീക്ഷയിലാണ് ടൂറിസം സംരംഭകർ.
സർവീസ് വില്ലകളിൽ വർക്ക് അറ്റ് ഹോം, സംസ്ഥാനത്തിന് പുറത്തേയ്ക്ക് യാത്ര മുടങ്ങിയവർക്കുള്ള ഹോം സ്റ്റേ ഉല്ലാസം എന്നിവയാണ് വീണ്ടും തുറക്കുമ്പോൾ ശ്രദ്ധയൂന്നുന്ന മേഖലകൾ.
ഹോം സ്റ്റേകൾക്ക് വാണിജ്യ ലൈസൻസ് വേണ്ടെന്നും ഗാർഹിക നികുതിയേക്കാൾ അൽപം
ഉയർന്ന നികുതി മാത്രം ഈടാക്കിയാൽ മതിയെന്നുമുള്ള ആലോചന ടൂറിസം–തദ്ദേശ
വകുപ്പുകൾ തമ്മിൽ നടക്കുന്നുണ്ട്. ഇതുകൂടി നടപ്പാകുന്നതോടെ മേഖല കൂടുതൽ സജീവമാകും. തൊഴിൽ നഷ്ടപ്പെട്ടവർക്കും ആശ്വാസമാകും.
വർക്ക് അറ്റ് ഹോം സ്റ്റേ
കൊവിഡ് സമ്മാനിച്ച വർക്ക് അറ്റ് ഹോം എന്തുകൊണ്ട് വർക്ക് അറ്റ് ഹോംസ്റ്റേയോ റിസോർട്ടോ ആയിക്കൂട. വീട്ടിൽ അടച്ചിരുന്ന് ജോലി ചെയ്യുന്നവർക്ക് പ്രത്യേക പാക്കേജിൽ റിസോർട്ടോ, ഹോംസ്റ്റേയോ നൽകാമെന്ന ചിന്തയുണ്ട്. ജോലിയും ഉല്ലാസവും ഒരുമിച്ചാകുമെന്നതിനാൽ സംഗതി വിജയിക്കും.
കൊവിഡ് നൽകിയ സാദ്ധ്യതകൾ
കൊവിഡ് കാലത്ത് പരീക്ഷിച്ച പെയ്ഡ് ക്വാറന്റൈന്റെ ടൂറിസം പതിപ്പ്
14 ദിവസം നേരിട്ട് സമ്പർക്കമില്ല. ഭക്ഷണം പ്രത്യേക ഫുഡ് പോയിന്റിൽ
പുതിയ അതിഥി വരുമ്പോൾ മുറി പൂർണമായും അണുവിമുക്തമാക്കും
യാത്ര നിലച്ച് വീർപ്പു മുട്ടുന്ന തദ്ദേശീയർക്കായി മികച്ച പാക്കേജുകൾ
'' കുമരകം ഡെസ്റ്റിനേഷൻ എന്ന പേരിൽ വലിയൊരു ഓപ്പണിംഗിനാണ് ശ്രമം. ജില്ലാ ഭരണകൂടവുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. കൊവിഡിനോപ്പം ജീവിക്കാൻ നമ്മൾ പഠിച്ചതിനാൽ ടൂറിസം മേഖല വലിയ പ്രതീക്ഷയിലാണ്''
ഷനേജ് കുമാർ, ടൂറിസം സംരഭകൻ