കട്ടപ്പന: കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11ന് കരിമ്പനിൽ നിന്നു ചെറുതോണിയിലേക്ക് കർഷക മാർച്ച് നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നും ഇടുക്കിയിൽ മാത്രമായുള്ള നിർമാണ നിരോധനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് നേതൃത്വം നൽകും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ ഉദ്ഘാടനം ചെയ്യും. ചെറുതോണിയിൽ നടക്കുന്ന സമാപന സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എം.എൽ.എ, ജോയി എബ്രാഹം, ഫ്രാൻസിസ് ജോർജ് എന്നിവർ പങ്കെടുക്കും.