kartha

പാലാ: 'രാജഭരണം തന്നെയാണ് നല്ലത്. ഏതു കാര്യത്തിനും ഒരു ഉറച്ച തീരുമാനം വരുമല്ലോ. സ്വന്തം കാര്യമല്ല, പ്രജാക്ഷേമം മാത്രമേ ഉത്തമനായ ഒരു രാജാവിന്റെ ചിന്തയിലുണ്ടായിരിക്കൂ.... രാജപദവി മാറി 16 വർഷം ഞാൻ മുത്തോലി പഞ്ചായത്ത് പ്രസിഡന്റായും ഭരണം നടത്തി. രണ്ടിന്റെയും വ്യത്യാസം എനിക്ക് നന്നായി അറിയാം...'' ഇന്ന് നൂറാം വയസ്സിലേക്ക് കടക്കുന്ന മീനച്ചിൽ ഞാവക്കാട്ട് കൊച്ചുമഠത്തിലെ ദാമോദര സിംഹർ ഭാസ്‌ക്കരൻ കർത്താവിന്റെ അഭിപ്രായത്തിന് രാജകൽപ്പന പോലെ ഉറപ്പുണ്ട്.

ഒരു കാലത്ത് പാലാ ഉൾപ്പെടുന്ന വലിയൊരു ഭൂവിഭാഗത്തിന്റെ രാജാക്കന്മാരായിരുന്നു മീനച്ചിൽ കർത്താക്കന്മാർ. അവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന പരമ്പരയിലെ ഏറ്റവും മുതിർന്ന അംഗമാണ് ഭാസ്‌ക്കരൻ കർത്താ. ചിങ്ങത്തിലെ ഉത്രാടമാണ് ഇദ്ദേഹത്തിന്റെ പിറന്നാൾ. നക്ഷത്ര നാൾ കൊണ്ട് ഉത്രാടം കഴിഞ്ഞു പോയി. തിയതി പ്രകാരം ഇന്ന് നൂറാം വയസ്സിലേക്ക് കടക്കുന്നു. മെലിഞ്ഞ ദേഹത്തിൽ കാലം ചുളിവുകളും വരകളും തീർത്തെങ്കിലും തലയെടുപ്പിൽ ഇപ്പോഴും രാജ ചൈതന്യം തിളങ്ങുന്നു.

'രാജഭരണം വിട്ട്, ജനാധിപത്യ രീതി വന്നപ്പോഴും ജനകീയ സർക്കാർ ഞങ്ങളെ കൈവിട്ടില്ല. 28 പറ നെല്ലും ആറര ചക്രവും മാസം തോറും തന്നു പോന്നു. പിന്നീടത് ആയിരം രൂപയാക്കി. ' ഭാസ്‌ക്കരൻ കർത്താ പറഞ്ഞു. സുഹൃത്തായിരുന്ന കെ. എം. മാണി ആദ്യം ധനകാര്യ മന്ത്രിയായിരുന്ന കാലം. ഒരു ദിവസം എന്തോ സംസാരിച്ചു വന്ന കൂടെ ചോദിച്ചു; ' അല്ല തമ്പുരാനിപ്പോൾ സർക്കാരിൽ നിന്ന് എന്തു സഹായമാ ഉള്ളത്...?' ആയിരം രൂപയുടെ കാര്യം ഭാസ്‌ക്കരൻ കർത്താ പറഞ്ഞു.

' മൂന്നു ദിവസം കഴിഞ്ഞപ്പോൾ തിരുവനന്തപുരത്തു നിന്ന് ധനകാര്യ സെക്രട്ടറിയുടെ ഫോൺ കാൾ. മാണി സാർ പറഞ്ഞു, ഭാസ്‌ക്കരൻ തമ്പുരാനുള്ള സർക്കാർ വക ദക്ഷിണ ആറായിരം രൂപയായി വർദ്ധിപ്പിച്ചതായി ഉടൻ അറിയിക്കാൻ ....' ആ മാസം മുതൽ തനിക്കീ തുക കിട്ടുന്നുണ്ടെന്നും ഭാസ്‌ക്കരൻ കർത്താവിന്റെ സാക്ഷ്യം.

1960 മുതൽ 1976 വരെ തുടർച്ചയായി മുത്തോലി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഭാസ്‌ക്കരൻ കർത്താ ഒട്ടേറെ വികസന പദ്ധതികൾക്കും തുടക്കം കുറിച്ചു. മഹാകവികളായ വള്ളത്തോളും ഉള്ളൂരുമുൾപ്പെടെ ഒട്ടേറെ പ്രമുഖർ മീനച്ചിൽ ഞാവക്കാട്ട് കൊച്ചുമഠത്തിൽ തറവാട്ടിൽ ഇദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്.

നൂറിന്റെപടി ചവിട്ടുമ്പോൾ ഓർമ്മകൾ ഒന്നു രണ്ടു പടികൾ ഇറങ്ങുന്ന തൊഴിച്ചാൽ കർത്താവിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. പുലർച്ചെ 5.30ന് ഉണർന്നാൽ അൽപ്പനേരം പ്രാർത്ഥന. 6 മുതൽ 7 വരെ പത്രം അരിച്ചുപെറുക്കി വായിക്കും, കണ്ണാടി പോലും വേണ്ട. പകൽ കുറേ നേരം മുറ്റത്തും തൊടിയിലും നടക്കും. പൂർണ്ണമായും സസ്യാഹാരി. കഞ്ഞിയാണ് പ്രിയ ഭക്ഷണം. രാത്രി 9ന് ഉറക്കം.

ഭാര്യ തിരുവല്ല തലവടി ചെറശ്ശേരി മഠത്തിൽ ശാരദക്കുഞ്ഞമ്മ 7 വർഷം മുമ്പ് മരിച്ചു. സി. എസ്. രാധാമണി, എസ്. ഇന്ദിര, സി. എസ്. ഗീത, എസ്. ശ്രീദേവി എന്നിവരാണു മക്കൾ.അഡ്വ. എസ്. ശങ്കരക്കൈമൾ, ടി. രതീശൻ നായർ ,കെ വേണഗോപാൽ,ടി. ഗോവിന്ദൻ കുട്ടി എന്നിവർ മരുമക്കളും.

കർത്താവിന് ആശംസയുമായി ഇന്നലെ ജോസ് കെ. മാണി എം.പി.യും മാണി സി. കാപ്പൻ എം. എൽ. എ യും ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു.