ഏറ്റുമാനൂർ : ഏറ്റുമാനൂരിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കിഫ്ബിയിൽ നിന്ന് 93.225 കോടി ചെലവഴിക്കുന്ന പദ്ധതിയുടെ നിർമ്മോണോദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു. 49,852 പേർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതാണ് പദ്ധതി. ഏറ്റുമാനൂർ നഗരസഭാ പരിധിയിൽ ഓരോരുത്തർക്കും പ്രതിദിനം 150 ലിറ്റർ ശുദ്ധജലവും അതിരമ്പുഴ പഞ്ചായത്തിലെ നാലാം വാർഡിലുള്ള എല്ലാവർക്കും മൂന്ന്, അഞ്ച്, ആറ്, 12 വാർഡുകളിലെ പദ്ധതിയിൽ ഉൾപ്പെട്ട മേഖലകളിലുള്ളവർക്കും പ്രതിദിനം 100 ലിറ്റർ വീതവും പദ്ധതിയിലൂടെ ലഭ്യമാകും.

മീനച്ചിലാറ്റിലെ വെള്ളം ശുദ്ധീകരിച്ച് 8675 വാട്ടർ കണക്ഷനുകൾ മുഖേനയാണ് വിതരണം നടത്തുക. പൂവത്തുംമൂട്ടിലെ ഒമ്പത് മീറ്റർ വ്യാസമുള്ള കിണർ ഇതിനായി ഉപയോഗിക്കും. നേതാജി നഗറിൽ ശുദ്ധീകരണശാലയും രണ്ട് ജലസംഭരണികളും കച്ചേരിക്കുന്ന്, കട്ടച്ചിറ എന്നിവിടങ്ങളിൽ ഓരോ സംഭരണികൾ വീതവും സ്ഥാപിക്കും. നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യണമെന്ന് മന്ത്രി നിർദേശിച്ചു. പ്രാദേശികമായ തടസങ്ങൾ മറി കടക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരുടെയും പങ്കാളിത്തമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ജല അതോറിറ്റി ടെക്‌നിക്കൽ മെമ്പർ ജി. ശ്രീകുമാർ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

പദ്ധതി 4 പാക്കേജുകളായി

നാല് പാക്കേജുകളിലായി നടപ്പാക്കുന്ന പദ്ധതി 2022 ആഗസ്റ്റിൽ സമ്പൂർണമായി പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഏറ്റുമാനൂർ നഗരസഭ പരിധിയിൽ നിന്ന് 27.5 കിലോമീറ്റർ ദൈർഘ്യത്തിലുള്ള വിതരണ ശൃംഖല ആദ്യഘട്ടത്തിൽ പൂർത്തിയാക്കും. ജല ശുദ്ധീകരണശാലയ്ക്കായി 107 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനും കച്ചേരിക്കടവിലെ സംഭരണിയ്ക്ക് വേണ്ട ഭൂമി ലഭ്യമാക്കുന്നതിനും നടപടികൾ പുരോഗമിക്കുകയാണ്.

പദ്ധതിയുടെ പ്രയോജനം : 49,852 പേർക്ക്