കോട്ടയം : ജനറൽ ആശുപത്രിയിൽ ആധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ച ഒ.പി, അത്യാഹിത വിഭാഗത്തിന്റെയും, ഡിജിറ്റൽ മാമോഗ്രാഫി യൂണിറ്റിന്റെയും ഉദ്ഘാടനം 13 ന് നടക്കും. ഒ.പി വിഭാഗം മന്ത്രി കെ.കെ.ശൈലജ വീഡിയോ കോൺഫറൻസ് വഴിയും, ഡിജിറ്റൽ ' മാമോഗ്രാഫി യൂണിറ്റിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും നിർവഹിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജനറൽ ആശുപത്രിയിൽ ഡിജിറ്റൽ മാമോഗ്രാഫി യൂണിറ്റ് സ്ഥാപിക്കുന്നത്.

ആർദ്രം പദ്ധതിയിൽ നിന്ന് ഒ.പി നവീകരണത്തിനായി 1.30 കോടിയും, ഡിജിറ്റൽ മാമോഗ്രാഫി യൂണിറ്റ് സ്ഥാപിക്കാൻ 2.30 കോടിയുമാണ് ചെലവായത്. നിലവിൽ 19 വിഭാഗങ്ങളിലായി 74 ഡോക്ടർമാരും, 500 ഓളം മറ്റ് ജീവനക്കാരും ജോലി ചെയ്യുന്നു. 374 കിടക്കകളും 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും ഉൾക്കൊള്ളുന്ന ആശുപത്രിയിൽ ലാബോറട്ടറി, സി.ടി സ്‌കാൻ, ഡയാലിസിസ് യൂണിറ്റ്, ന്യൂറോ കെയർ , കാൻസർ കെയർ, പാലിയേറ്റീവ് കെയർ, ലാപ്രോസ്കോപിക് സർജറി, കമ്പ്യൂട്ടറൈസ്ഡ് റേഡിയോ ഗ്രാഫി എന്നീ ആത്യാധുനിക സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുമുണ്ട്.

കൊവിഡ് പ്രതിരോധം

കൊവിഡ് ആശുപത്രിയാക്കി മാറ്റിയ ആശുപത്രിയുടെ അടിയന്തര ഭൗതിക സൗകര്യ വികസനത്തിനായി ഒരു കോടി രൂപയിലധികം ജില്ലാ പഞ്ചായത്ത് ചെലവഴിച്ചു. കൊവിഡ് വാർഡ്, കൊവിഡ് പ്രസവ വാർഡ്, കൊവിഡ് ശസ്ത്രക്രിയ മുറി എന്നിവയ്ക്കാണ് പ്രധാന്യം നൽകിയത്. സുരക്ഷിതമായി രോഗനിർണയം നടത്താൻ സ്രവ പരിശോധനയ്ക്കായി കിയോസ്‌ക് സജ്ജമാക്കി. ഇതിനോടകം 20,000 ൽ അധികം സാമ്പിളുകൾ പരിശോധിച്ചു. 293 രോഗികൾ രോഗമുക്തി നേടി.