എലിക്കുളം : ഒറ്റമഴയിൽ പൈക ആശുപത്രി പടിയിലെ ഓട നിറഞ്ഞൊഴുകി വെള്ളം കടകളിലേക്ക് എത്തുന്നത് വ്യാപാരികളെ ദുരിതത്തിലാക്കുന്നു. പി.പി.റോഡ് നവീകരിച്ചപ്പോൾ റോഡ് ഉയർത്തിയതിനെ തുടർന്ന് കടകൾ ഭൂരിഭാഗവും റോഡിന്റെ താഴ്ചയിലാണ്. ഇതോടെ ഓടയുടെ സ്ലാബിനിടയിലൂടെയും ഓട കവിഞ്ഞും വെള്ളം കടകളുടെ മുൻപിലേക്ക് നിറയും. പ്രദേശത്ത് ഓട ചപ്പുചവറും മണ്ണും നിറഞ്ഞ് അടഞ്ഞു കിടക്കുകയുമാണ്. അതിനാൽ പലയിടത്തും ഓടയിലൂടെ വെള്ളമൊഴുക്കില്ല. നേരത്തെ ആശുപത്രിക്കവലയിൽ ചെങ്ങളം റോഡിൽ ഉയരമുള്ള കലുങ്കുണ്ടായിരുന്നു. ഹൈവേ നവീകരിച്ചപ്പോൾ കലുങ്ക് പൊളിച്ചുമാറ്റി പകരം ഓട നിർമ്മിച്ചു. അതോടെ കവലയിലാകെ വെള്ളം നിറഞ്ഞ് കാൽനടയാത്രയും വാഹനയാത്രയും ദുരിതത്തിലായി.