പഞ്ചായത്ത് പ്രസിഡന്റ്മാരടക്കം നാല്പേർക്കെതിരെ കേസ്

കട്ടപ്പന: പത്തുചെയിൻ മേഖലയിലെ മൂന്നു ചങ്ങല പ്രദേശത്ത് പട്ടയത്തിനായി പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാരടക്കം നാലുപേർക്കെതിരെ കേസെടുത്തു. പത്തു ചെയിൻ പട്ടയ സമരസമിതി ചെയർമാനും അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റുമായ എ.എൽ.ബാബു, കൺവീനറും കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റുമായ വി.ആർ. ശശി, സമിതി സെക്രട്ടറി കെ.ജെ. ജോസഫ്, ട്രഷറർ ടി.എൻ. ഗോപിനാഥ പിള്ള എന്നിവർക്കെതിരെയാണ് വഞ്ചനാക്കുറ്റത്തിനു ഉപ്പുതറ പൊലീസ് കേസെടുത്തത്. പണം നൽകിയ 192 കർഷകരും ആർ.വൈ.എഫ്. ജില്ലാ ജോയിന്റ് സെക്രട്ടറി അജോ കുറ്റിക്കനും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതിയിലാണ് നടപടി.
അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകളിലെ ഇടുക്കി പദ്ധതി പ്രദേശത്ത് പട്ടയം നൽകാമെന്ന് വിശ്വസിപ്പിച്ച് 2500ൽപ്പരം കർഷകരിൽ നിന്നു 500 മുതൽ 12,000 രൂപ വരെ പണം വാങ്ങിയെന്നാണ് പരാതി.
പത്തു ചെയിനിലെ ഭൂമി ഇടുക്കി പദ്ധതിക്ക് ആവശ്യമില്ലെന്നുള്ള കെ.എസ്.ഇ.ബി. അറിയിച്ചതോടെയാണ് പത്തുചെയിൻ പട്ടയപ്രശ്‌നം സജീവമായത്. തുടർന്ന് 2018 മെയ് 25ന് മാട്ടുക്കട്ടയിൽ നടന്ന സർവകക്ഷി യോഗത്തിൽ ഇ.എസ്. ബിജിമോൾ എം.എൽ.എ. ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുത്തിരുന്നു.
ഭൂമിപതിവ് തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതോടെ സമരസമിതിയുടെ തീരുമാന പ്രകാരമുള്ള പണം കർഷകർ നൽകി.എന്നാൽ മൂന്നു ചെയിനിൽ പട്ടയം നൽകാൻ കഴിയില്ലെന്ന റവന്യു വകുപ്പിന്റെ നിലപാട് സർക്കാർ അംഗീകരിച്ചു. ഏഴ് ചങ്ങല പ്രദേശത്തെ 1100ൽപ്പരം കർഷകർക്ക് പട്ടയം ലഭിച്ചു. മൂന്നു ചെയിനിൽ 2500ൽപ്പരം കർഷകരാണുള്ളത്. മുഴുവൻ കർഷകർക്കും കിട്ടുന്നില്ലെങ്കിൽ പട്ടയം വാങ്ങരുതെന്നും കോടതിയെ സമീപിക്കാമെന്നും സമിതി നേരത്തെ തീരുമാനിച്ചിരുനു. എന്നാൽ പ്രധാന ഭാരവാഹികൾ അടക്കമുള്ളവർക്ക് ഏഴു ചെയിനിൽ പട്ടയം കിട്ടി. ഇതോടെ ബാക്കിയുള്ളവർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. എന്നാൽ നിസാര വകുപ്പുകൾ ചുമത്തിയാണ് ഇപ്പോൾ കേസെടുത്തതെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്.