കട്ടപ്പന: കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ ഏലക്കാ ലേലത്തെ പ്രതികൂലമായി ബാധിച്ചതോടെ വില കുത്തനെ ഇടിയുകയാണെന്ന് കർഷക മോർച്ച ആരോപിച്ചു. തൊഴിലാളി ക്ഷാമം, വിലത്തകർച്ച എന്നിവ പ്രധാന വെല്ലുവിളികളാണ്. സ്‌പൈസസ് ബോർഡിന്റെ ലേലം തമിഴ്‌നാട്ടിൽ നടക്കുമ്പോൾ കേരളത്തിലെ വ്യാപാരികൾക്ക് പങ്കെടുക്കാൻ കഴിയുന്നില്ല. തമിഴ്‌നാട്ടിൽ പോയി തിരികെയെത്തിയാൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. എന്നാൽ തമിഴ്‌നാട്ടുകാർക്ക് വ്യവസ്ഥ ബാധകമല്ല. മലയാളികൾക്ക് തമിഴ്‌നാട്ടിലെ ലേലത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ തമിഴ് വ്യാപാരി ലോബികൾ ഏലക്ക ചെറിയ വിലയ്ക്ക് കൊണ്ടുപോകുന്നതായും നേതാക്കൾ ആരോപിച്ചു. സ്‌പൈസസ് ബോർഡും ജില്ലാ ഭരണകൂടവും നോക്കുകുത്തികളായി മാറി. ഈ സ്ഥിതി തുടർന്നാൽ ഇനിയും വില ഇടിയും. വിഷയത്തിൽ മന്ത്രിയും എം.പിയും യാതൊരു ഇടപെടലും നടത്തുന്നില്ല. ഇപ്പോഴും ലേല കേന്ദ്രത്തിൽ 42 പേർക്ക് പങ്കെടുക്കാനുള്ള സൗകര്യമേയുള്ളൂ. സാമൂഹിക അകലം പാലിച്ച് കൂടുതൽ പേർക്ക് ഇരിപ്പിടം ഒരുക്കാൻ ബോർഡ് തയാറാകുന്നില്ല. എന്നാൽ 25,000ൽപ്പരം രൂപ ഒരു ലേലത്തിനു ബോർഡ് ഈടാക്കുന്നുണ്ട്. വ്യാപാര ലോബികളും വില ഉദ്യോഗസ്ഥരും ചേർന്നുള്ള ഒത്തുകളിക്കെതിരെ കേന്ദ്ര മന്ത്രിമാർ, മുഖ്യമന്ത്രി, കലക്ടർ എന്നിവർക്ക് പരാതി നൽകി. പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കിൽ സ്‌പൈസസ് ബോർഡ് ഓഫീസിനു മുമ്പിൽ കർഷക മോർച്ച സമരം ആരംഭിക്കുമെന്നും കേന്ദ്ര ഹോർട്ടികൾച്ചർ മിഷൻ അംഗം ശ്രീനഗരി രാജൻ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രകാശ്, ജനറൽ സെക്രട്ടറി എം.എൻ. മോഹൻദാസ്, ഉടുമ്പൻചോല മണ്ഡലം പ്രസിഡന്റ് കെ.ആർ. സുരേന്ദ്രൻ എന്നിവർ അറിയിച്ചു.