tree

ചങ്ങനാശേരി: റോഡരികിലെ കൂറ്റൻ തണൽ മരങ്ങൾ സമീപത്തുള്ള വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. ചങ്ങനാശേരി - വാഴൂർ റോഡിൽ വെരൂർ ഇൻഡസ്ട്രിയൽ നഗർ, വലിയകുളം, പാറേൽപ്പള്ളി മുതൽ റെയിൽവേ മേൽപ്പാലം വരെയുള്ള ഭാഗം, ടി.ബി റോഡ് എന്നിവിടങ്ങളിലെ മരങ്ങളുടെ ശിഖരങ്ങളാണ് അപകടഭീഷണി ഉയർത്തി നില്ക്കുന്നത്. മരങ്ങളിലേക്ക് പടർന്നു കിടക്കുന്ന വള്ളിച്ചെടികൾ റോഡിലേയ്ക്ക് തൂങ്ങിക്കിടക്കുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. മഴയും കാറ്റും ശക്തമായതോടെ വൻമരങ്ങൾ പലതും അപകടസാധ്യത കൂട്ടുകയാണ്.

വെട്ടിമാറ്റണം

ടി.ബി റോഡിൽ എക്‌സൈസ് ഓഫീസിനു സമീപത്താണ് അപകടാവസ്ഥയിലുള്ള പടുകൂറ്റൻ മരങ്ങൾ. മുൻ വർഷങ്ങളിലെ കാറ്റിലും മഴയിലും എക്‌സൈസ് ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു മുൻവശത്തെ മരങ്ങൾ കോടതി വളപ്പിലേയ്ക്ക് കടപുഴകി വീഴുകയും വൈദ്യുതി ലൈനുകൾ തകരുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പാറേപ്പള്ളിക്ക് സമീപത്തുള്ള തണൽ മരത്തിന്റെ ശിഖരം ഒടിഞ്ഞു റോഡിൽ വീണത് ഗതാഗത തടസത്തിന് ഇടയാക്കി. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ എത്തി ശിഖരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.അപ്‌സര സിനിമാ തിയേറ്ററിനു മുൻവശത്തുള്ള മരവും അപകട ഭീഷണിയിലാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. മാസങ്ങൾക്ക് മുമ്പ് വെരൂർ ഇൻഡസ്ട്രിയിൽ ജംഗ്ഷനിലെ കൂറ്റൻ മരത്തിന്റെ വലിയശിഖരം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനുമേൽ വീണിരുന്നു. വാഴൂർ റോഡിൽ മാടപ്പള്ളി പൂവത്തുമൂട് ജംഗ്ഷനിലുള്ള ആഞ്ഞിലിമരം റോഡിലേക്ക് വീണ് സമീപത്തെ വ്യാപാര സ്ഥാപനത്തിന് നാശഷ്ടങ്ങൾ സംഭവിച്ചിരുന്നു. കനത്ത മഴയിലും കാറ്റിലും പലപ്പോഴും രാത്രി കാലങ്ങളിൽ റോഡിലേയ്ക്ക് മരങ്ങൾ കടപുഴകി വീഴുകയും ശിഖരങ്ങൾ ഒടിഞ്ഞു വീഴുകയും ചെയ്യുന്നതും അപകടാവസ്ഥ ഉണ്ടാക്കുന്നുണ്ട്. ഒടിഞ്ഞുവീഴുന്ന മരച്ചില്ലകൾ മരത്തിനു ചുവട്ടിൽ തന്നെ കൂട്ടിയിടുകയാണ് ചെയ്യുന്നത്. പലമരങ്ങളും വൈദ്യുതി ലൈനുകൾക്കിടയിലേക്കു വളരുന്നതും അപകടങ്ങൾക്കും വൈദ്യുതി തടസത്തിനുമിടയാക്കുന്നു. പെരുമ്പനച്ചി മുതൽ തെങ്ങണ വരെയുള്ള റോഡരികിലെ പാഴ്‌മരങ്ങളിൽ പലതും അപകടാവസ്ഥയിലാണ്. തെങ്ങണ ജംഗ്ഷനിലെ ടാക്‌സി സ്റ്റാൻഡിനു സമീപത്തുള്ള മരങ്ങളും അപകാടാവസ്ഥയിലാണെന്ന് ഡ്രൈവർമാരും ചൂണ്ടിക്കാട്ടുന്നു. അപകടസാധ്യതയുള്ള മരങ്ങളുടെ ശിഖരങ്ങൾ യഥാസമയം വെട്ടിമാറ്റുകയും പൂർണ്ണമായും മുറിച്ചു മാറ്റേണ്ടവ മുറിച്ചുമാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.