waste

കോട്ടയം: കൊവിഡിനെ അതിജീവിക്കാൻ ശുചിത്വം പാലിക്കണമെന്ന് സർക്കാരും ആരോഗ്യവകുപ്പും ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും നാടിനെ മലിനമാക്കി ഒരു മത്സ്യ, മാംസ കച്ചവടകേന്ദ്രം! കടുത്തുരുത്തി മുട്ടുചിറ ജംഗ്ഷനിൽ എം.സി റോഡിനോട് ചേർന്നാണ് തൊട്ടടുത്തുള്ള വീടുകളിലെ ശുദ്ധജലം മലിനമാക്കിയ ഈ കേന്ദ്രം പ്രവർത്തിക്കുന്നത്.

ആരോഗ്യവകുപ്പും പഞ്ചായത്തും പല പ്രാവശ്യം സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും ഈ സ്ഥാപനം കഴിഞ്ഞ മൂന്നു വർഷമായി അതുപോലെതന്നെ പ്രവർത്തിക്കുകയാണ്. മത്സ്യം, പന്നി, ബീഫ്, ആട്, കോഴി, താറാവ്, കാട തുടങ്ങിയവയാണ് ഈ കടയിൽ വിൽക്കുന്നത്. മത്സ്യം വെട്ടി പീസ് ആക്കിയാണ് വില്ക്കുന്നത്. പന്നിയും ബീഫും കോഴിയുമെല്ലാം ഇതേ രീതിയിൽ തന്നെ കച്ചവടം. ഇതിന്റെയെല്ലാം രക്തം സഹിതമുള്ള മാലിന്യമാണ് പരിസരത്തെ മലിനമാക്കുന്നത്.

ആദ്യകാലങ്ങളിൽ മീനിന്റെയും മാംസത്തിന്റെയും അവശിഷ്ടങ്ങൾ കാക്ക കൊത്തി അയൽ വീടുകളിലെ കിണറുകളിൽ ഇടുമായിരുന്നു. ഇത് മനസിലാക്കി കിണറുകൾക്ക് വീട്ടുകാർ വലയിട്ടു. പക്ഷേ, മാലിന്യം വലക്ക് മുകളിൽ വീണ് ചീഞ്ഞുനാറി. ഇക്കാര്യം സ്ഥാപന ഉടമയെ വീട്ടുകാർ അറിയിച്ചെങ്കിലും പ്രതികരണം യാതൊന്നുമുണ്ടായില്ല.

മാസങ്ങൾ നീണ്ടുപോയി. ഇതിനിടെ സ്ഥാപനത്തിലെ മാലിന്യത്തിന്റെ അളവുകൂടി. മലിനജലം ഉപയോഗശൂന്യമായ സ്ഥാപനാങ്കണത്തിലുള്ള കിണറ്റിൽ നിക്ഷേപിച്ചു. ഇതോടെ അയൽവീട്ടിലെ കിണറ്റിൽ ഈ മലിനജലം എത്തി. കൂടാതെ കൊതുകുശല്യവും രൂക്ഷമായി. താമസിയാതെ അയൽവാസികളായ 9 പേരുടെ വീടുകളിലെ കിണറുകളിലും മലിനജലമെത്തി!

പരാതി നൽകിയിട്ടും ഫലമില്ല

വെള്ളത്തിന്റെ നിറം മാറി ഉപയോഗശൂന്യമായതോടെ അയൽവാസിയായ പാണക്കുഴി വത്സമ്മ ആരോഗ്യവകുപ്പിനും പൊലീസിനും പൊലൂഷ്യൻ കൺട്രോൾ ബോർഡിനും പരാതികൾ നല്കി. വെള്ളം പരിശോധിക്കാനായി ശേഖരിച്ച് നൽകി. കിണറ്റിലെ വെള്ളത്തിൽ മാലിന്യം തെളിഞ്ഞതോടെ ആരോഗ്യവകുപ്പെത്തി സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നൽകി. പഞ്ചായത്തും സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും സെപ്ടിക് ടാങ്ക് സ്ഥാപിച്ച് പ്രശ്നം പരിഹരിച്ചു. എന്നാൽ ആഴ്ചകൾ തികയും മുമ്പേ ടാങ്ക് നിറഞ്ഞുകവിഞ്ഞ് മലിനജലം പരന്നൊഴുകിയതോടെ പ്രശ്നം വീണ്ടും രൂക്ഷമായി.

വത്സമ്മയുടെ പുരയിടത്തിൽ രണ്ട് കിണറുകളാണുള്ളത്. രണ്ടിലെ വെള്ളവും മലിനമായതോടെ അകലെയുള്ള ബന്ധുവിന്റെ വീട്ടിൽ നിന്ന് ടാങ്കറിൽ വെള്ളം എത്തിച്ചാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. കൂടാതെ അയൽപുരയിടങ്ങളിലെ കിണറുകളിലെ വെള്ളവും മലിനമായി. ഇതോടെ ഒൻപതു വീട്ടുകാർ ചേർന്ന് അധികാരികൾക്ക് കൂട്ടപരാതി നല്കിയിരിക്കയാണ്.

അതിനിടെ മലിനജലം സംഭരിച്ചിരുന്ന സ്ഥാപന അങ്കണത്തിലെ കിണർ മൂടാനും സ്ഥാപന ഉടമ ശ്രമിച്ചു. ഇത് നാട്ടുകാർ ചേർന്ന് തടഞ്ഞു. കിണറ്റിലെ മലിനജലം മാറ്റാതെ മൂടിയാൽ ഈ മലിനജലം അയൽവാസികളുടെ കിണറുകളിൽ എത്തും. മലിനജലം അവിടെനിന്നും മാറ്റിയശേഷമേ കിണർ മൂടാവൂയെന്നാണ് നാട്ടുകാരുടെ ആവശ്യം. കടയുടമയുടെ ഉന്നതബന്ധം കൊണ്ടാണ് നാട്ടുകാർക്ക് ശല്യമായിട്ടും മൂന്നു വർഷമായി ഈ കശാപ്പുശാല പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.