jose-k-mani-and-mani-c-ka

കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതു മുന്നണിയിലെത്തിയാൽ ഏറെ കടിപിടി ഉണ്ടാവുക പാലാ സീറ്റിന് വേണ്ടി എന്ന് കണക്കുകൂട്ടി ജോസ് എത്തുംമുമ്പേ മാണി സി. കാപ്പൻ മുറുമുറുപ്പ് തുടങ്ങി.

കെ.എം.മാണിയുടെ മരണശേഷം കേരളകോൺഗ്രസ് കുത്തക ഇല്ലാതാക്കി മാണി സി.കാപ്പനിലൂടെ ഇടതു മുന്നണി പിടിച്ചെടുത്ത പാലാ സീറ്റ് ഒരു കാരണവശാലും ജോസ് വിഭാഗത്തിന് വിട്ടു കൊടുക്കില്ലെന്ന കടുംപിടുത്തത്തിലാണ് കാപ്പൻ. പാലാ കണ്ട് മോഹിച്ച് ഇടതു മുന്നണിയിലേക്ക് ജോസ് വരേണ്ടെന്ന് വെട്ടിത്തുറന്ന് പറഞ്ഞുവെങ്കിലും കാര്യങ്ങൾ ഏത് വഴിക്ക് നീങ്ങുമെന്ന് പറയാറായിട്ടില്ല.

കെ.എം.മാണി അരനൂറ്റാണ്ടായി കൈവെള്ളയിൽ സൂക്ഷിച്ച പാലാ മണ്ഡലം ജോസ് വിഭാഗത്തിന്റെ പ്രസ്റ്റീജാണ്. പി.ജെ.ജോസഫ് രണ്ടില ചിഹ്നം കൊടുക്കാത്തതിനാൽ നഷ്ടപ്പെട്ടുപോയ പാലാ കിട്ടാതെ ഇടതു മുന്നണിയുമായി ധാരണ ഉണ്ടാക്കാൻ ജോസിന് കഴിയില്ല. സംസ്ഥാന രാഷ്ടീയത്തിലേക്ക് തിരിച്ചു വന്നാൽ ജോസ് കെ.മാണി മത്സരിക്കുക പാലായിലായിരിക്കും. ഇതു മനസിലാക്കി പൊരുതി നേടിയ പാലാ വിട്ടുകൊടുക്കാനാകില്ലെന്ന നിലപാട് കാപ്പൻ കടുപ്പിച്ചു. കുറഞ്ഞ കാലംകൊണ്ട് ജനകീയ നേതാവായി മാറിയ കാപ്പൻ പാലാ വിട്ടുനൽകാനാവില്ലെന്ന് എൻ.സി.പി നേതൃത്വത്തെയും അറിയിച്ചു. പാലായ്ക്കു പകരം എൻ.സി.പിക്ക് പൂഞ്ഞാർ സീറ്റ് നൽകാൻ ആലോചനയുണ്ട്. പൂഞ്ഞാർ സീറ്റ് വാഗ്ദാനത്തിൽ വഴങ്ങേണ്ടതില്ലെന്നാണ് കാപ്പന്റെ നിലപാട്.

കാപ്പൻ ഇടയുന്നത് എൽ.ഡി.എഫിന് തലവേദനയാകും. പാലാ പിടിച്ചെടുത്ത കാപ്പനെ പിണക്കാൻ സി.പി.എമ്മിനും താത്പര്യമില്ല രാജ്യസഭയിൽ ഒഴിവ് വരുന്ന പകരം സീറ്റ്, എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷ പദവി ഇവയിൽ കുറഞ്ഞൊന്നും പാലായ്ക്ക് പകരം സ്വീകരിക്കില്ലെന്നാണ് കാപ്പനുമായി അടുപ്പമുള്ള കേന്ദ്രങ്ങൾ പറയുന്നത്. ഇത് എൻ.സി.പിയിലും പ്രശ്നമാകും.

കേരളകോൺഗ്രസ് എം നേരത്തേ മത്സരിച്ചിട്ടുള്ള കുട്ടനാട്ടിലും ജോസ് വിഭാഗത്തിന് നോട്ടമുണ്ട്. മുന്നണി പ്രവേശനമാകാത്തതിനാൽ കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനിടയില്ലെങ്കിലും ഭാവിയിൽ ജോസ് വിഭാഗം അവകാശ വാദമുന്നയിക്കാം. കുട്ടനാടും പാലായും മോഹിച്ച് ആരും എൽ.ഡി.എഫിലേക്ക് വരേണ്ടെന്ന് കാപ്പൻ പ്രസ്താവിച്ചത് എൻ.സി.പി യുടെ കൈവശമുള്ള സീറ്റ് നഷ്ടപ്പെടുന്നതിലെ നീരസം പ്രകടിപ്പിക്കൽ കൂടിയായിരുന്നുവെന്നാണ് വിലയിരുത്തൽ.

കാ‌ഞ്ഞിരപ്പള്ളിയിൽ

പിടിമുറുക്കി സി.പി.ഐ

കോട്ടയത്തെ കാഞ്ഞിരപ്പള്ളി സി.പി.ഐ സീറ്റാണ്. ജോസ് വിഭാഗത്തിലെ എൻ. ജയരാജാണ് നിലവിലെ എം.എൽഎ. ഈ സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറാകാതെ നിൽക്കുകയാണ് സി.പി.ഐ. ജോസിന്റെ ഇടതു പ്രവേശനത്തിൽ ഈ സീറ്റും തർക്കപ്രശ്നമാകും.