thiru

ചികിത്സാ ചെലവ് സമഹരിച്ചത് ഫേസ് ബുക്ക് കൂട്ടായ്മ വഴി

കോട്ടയം: റോഡ് വികസനത്തിന്റെ പേരിൽ ശിഖരങ്ങൾ വെട്ടി മുറിച്ച് മൃതപ്രായമാക്കിയ തണൽ മരത്തിന്റെ ചികിത്സ കേരളത്തിൽ ആദ്യമായി സമൂഹമാദ്ധ്യമങ്ങളിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് ഇന്ന് തുടങ്ങും.

വൃക്ഷവൈദ്യനെന്നറിയപ്പെടുന്ന കെ.ബിനുവാണ് ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിൽ അധികൃതർ വെട്ടി നശിപ്പിച്ച തണൽ മരത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. രാവിലെ മരം കഴുകി ചെത്തി തളിക്കും. ഉണങ്ങാതിരിക്കാൻ മണ്ണ് , കദളിപ്പഴം , പശുവിൻ പാൽ തുടങ്ങി 14 കൂട്ടം മരുന്ന് ചാലിച്ച് നാലുമണിക്കൂർ കൊണ്ട് മരത്തിൽ പുരട്ടി പൊതിഞ്ഞു കെട്ടിവയ്ക്കുന്നതാണ് ചികിത്സ. ഇതിന് 15000 രൂപയോളം വേണ്ടിവരും.

ശിഖരങ്ങൾ മുറിച്ചു മാറ്റിയ മരത്തിന്റെ ചിത്രത്തോടെ ഫേസ് ബുക്കിൽ ചികിത്സാ സഹായം തേടി ബാങ്ക് അക്കൗണ്ട് നമ്പർ ബിനു പോസ്റ്റ് ചെയ്തു. ഇന്നലെ വരെ 11000 രൂപ ലഭിച്ചു. നാലു വർഷം മുമ്പ് അപകടകരമല്ലെന്ന് കണ്ട് ജില്ലാ ട്രീ അതോറിറ്റി വെട്ടേണ്ടെന്ന് തീരുമാനിച്ച തണൽ മരം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നു കാട്ടി വെട്ടിമാറ്റാൻ തിടനാട് പഞ്ചായത്ത് സെക്രട്ടറിയാണ് കളക്ടർക്ക് പരാതി നൽകിയത്. അപകടകരമായ കമ്പ് മാത്രം മുറിക്കാൻ എ.ഡി.എം ഉത്തരവിറക്കിയെങ്കിലും പഞ്ചായത്ത് സെക്രട്ടറി മുഴുവൻ ശിഖരങ്ങളും മുറിച്ചതോടെയാണ് ചികിത്സയിലൂടെ തണൽ മരത്തെ രക്ഷിക്കാൻ പരിസ്ഥിതി പ്രവർത്തകർ രംഗത്ത് വന്നത്.

മരുന്ന് പുരട്ടിയ ശേഷം മരത്തിന്റെ പ്രസ്താവന

'പഞ്ചായത്ത് സെക്രട്ടറി എന്റെ കര ചരണങ്ങൾ മുറിച്ചു. വൃക്ഷവൈദ്യൻ ബിനുവും, കോട്ടയം നേച്ചർ സൊസൈറ്റിയും മീനച്ചിൽ നദീതട സംരക്ഷണ സമിതിയും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് എന്റെ രണ്ടാം ജന്മത്തിന് ശ്രമിക്കുകയാണ്. എല്ലാവർക്കും നന്ദി". എന്ന മരത്തിന്റെ പ്രസ്താവന മരുന്ന് പുരട്ടിയ ശേഷം വായിക്കും. ഇത് മരത്തിൽ പതിക്കും. മീനച്ചിൽ നദീ തട സംരക്ഷണ സമിതി പ്രസിഡന്റ് പ്രൊഫ. എസ്.രാമചന്ദ്രൻ നായർ മരുന്ന് പുരട്ടുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കും. മരംവച്ചു പിടിപ്പിച്ച കാപ്പിക്കടക്കാരന്റെ മകനും ചടങ്ങിൽ പങ്കെടുക്കും.