oomenchandy

പുതുപ്പള്ളിയിൽ തോൽപ്പിക്കാൻ എതിരാളിയായി ആരെങ്കിലും ഉണ്ടോ എന്ന് തുടർച്ചയായി പതിനൊന്ന് തിരഞ്ഞെടുപ്പുകളിലും ചോദിച്ച ഉമ്മൻചാണ്ടി അജയ്യ ശത്രുവായി 50 വർഷം പിന്നിടുന്നതിന്റെ ആഘോഷ വേളയിൽ പങ്കാളിയായി തിരുനക്കര ചുറ്റുവട്ടവും ആശംസ അർപ്പിക്കുകയാണ്. ഒരു ജനപ്രതിനിധി എങ്ങനെ ആയിരിക്കണമെന്ന ചോദ്യത്തിന് ഇങ്ങനെയായിരിക്കണമെന്ന് ഉയർത്തിക്കാട്ടാവുന്ന അനുഭവകഥയാണ് ഉമ്മൻ ചാണ്ടിയുടേത്. സ്വന്തം മണ്ഡലത്തിന്റെ പേര് തിരുവനന്തപുരത്ത് സ്വന്തമായി നിർമ്മിച്ച വീടിന് പേരിട്ട മറ്റൊരു ജനപ്രതിനിധി നമ്മുടെ മുന്നിലില്ല. പുതുപ്പള്ളിയുടെ പര്യായമായി ഉമ്മൻചാണ്ടി മാറിയതിന്റെ തെളിവാണിത്.

അരനൂറ്റാണ്ട് കൊണ്ട് വൻവികസനമൊന്നും പുതുപ്പള്ളിയിൽ ഉണ്ടായിട്ടില്ല. എന്നിട്ടും ഉമ്മൻചാണ്ടിക്കു പകരം മറ്റൊരാളെ ഇന്നും നാളെയും ജയിപ്പിക്കാൻ നാട്ടുകാർ തയ്യാറാകില്ല. തീപ്പൊരി യുവ നേതാക്കളായ സിന്ധു ജോയ്, ജെയ്ക് സി.തോമസ്, വർഷങ്ങളോളം ഉമ്മൻചാണ്ടിയുടെ നിഴലായി കൂടെ നിന്ന ചെറിയാൻ ഫിലിപ്പ് അടക്കം പലരെയും പരീക്ഷിച്ചു നോക്കി. ഒന്നും ക്ലച്ചു പിടിച്ചില്ല. ഉമ്മൻചാണ്ടിക്കെതിരെ ജയപ്രതീക്ഷയോടെ മത്സരിക്കാൻ ഇന്നും ആരുമില്ല പകരം ചാവേറാകാൻ വന്നു നിൽക്കുന്നവരെന്നാണ് പുതുപ്പള്ളിയിലെ വോട്ടർമാർ പരിഹാസത്തോടെ പറയുന്നത്.

മുഖ്യമന്ത്രിയുടെ ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ പ്രവർത്തകർ ഇടിച്ചു കയറിയതിനാൽ ഇടമില്ലാതെ അകമ്പടി കാറിൽ പലപ്പോഴും ഇരിക്കുന്ന ഉമ്മൻചാണ്ടി അപൂർവ കാഴ്ചയല്ലായിരുന്നു. എം.എൽ.എ ഹോസ്റ്റലിലെ കട്ടിലിൽ നേരത്തേ പ്രവർത്തകർ കയറി കിടക്കുന്നതിനാൽ ഇടമില്ലാതെ തറയിൽ കിടന്നുറങ്ങുന്ന ഉമ്മൻചാണ്ടിയും പഴയ കഥയല്ല. വീട്ടിലെ അടുക്കളയിൽ വരെ പ്രവർത്തകർക്ക് കയറി ഉള്ളതെല്ലാം എടുത്തു തിന്നാൻ അവകാശം നൽകിയ ശേഷം പട്ടിണിക്കിരിക്കുന്ന മറ്റൊരു ജനപ്രതിനിധി ഇല്ല. പ്രവർത്തകരുടെ തിക്കും തിരക്കും മറ്റു നേതാക്കൾക്ക് അസഹ്യമായി തോന്നുമ്പോൾ ആൾക്കൂട്ടമില്ലെങ്കിൽ കരയിൽ പിടിച്ചിട്ട മീൻ പോലെ അസ്വസ്ഥനാകുന്ന നേതാവാണ് ഉമ്മൻചാണ്ടി. രാവിലെ തുടങ്ങിയ ജനസമ്പർക്കപരിപാടി അർദ്ധരാത്രി വരെ നീളുമ്പോഴും അവസാനത്തെ ആളുടെയും സങ്കടം കേൾക്കാൻ രാവിലത്തെ ഊർജ്വസ്വലതയോടെ രാത്രി വൈകിയും കാതു കൂർപ്പിച്ചിരിക്കുന്ന മറ്റൊരു ജനപ്രതിനിധി ഉണ്ടാകില്ല.

കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ ചിരിക്കുന്ന ഉമ്മൻചാണ്ടിക്ക് യോജിച്ച പേരാണ് പുതുപ്പള്ളിക്കാർ ചാർത്തിക്കൊടുത്ത കുഞ്ഞൂഞ്ഞ്. അടുപ്പമുള്ള നേതാക്കൾ ഒ.സിയെന്നും വിളിക്കും. വ്യക്തിപരമായി എന്തൊക്കെ ആരോപണങ്ങൾ കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ നേരിടേണ്ടി വന്നു. എന്നാൽ തിരിച്ച് വ്യക്തിപരമായ അധിക്ഷേപം മറ്റാർക്കെതിരെയും നടത്തില്ല. സംസാരം ഒരിക്കലും സഭ്യതയുടെ അതിർവരമ്പ് ലംഘിക്കില്ല. സംസാരത്തിലും ഇടപെടലിലും എന്നും പ്രതിപക്ഷ ബഹുമാനം കാത്തു സൂക്ഷിക്കും. പുതുപ്പള്ളിയിൽ ആരുടെ വിവാഹമോ മരണമോ നടന്നാൽ ചെന്നില്ലെങ്കിലുള്ള പുകിൽ അറിയാവുന്നതിനാൽ കേരളത്തിലുണ്ടെങ്കിൽ ഉമ്മൻചാണ്ടി എത്തിയിരിക്കും. ഉമ്മൻചാണ്ടി കാരണം പലരുടെയും ആദ്യരാത്രി കൊളമായെന്ന് പലരും തമാശയ്ക്ക് പറയുമ്പോഴും ഇതാണ് വിജയ രഹസ്യമെന്ന് മനസിലാക്കി ജീവിതത്തിൽ പകർത്തിയ എം.എൽഎമാർ കേരളത്തിൽ നിരവധിയാണ്.

31 വർഷത്തിലെത്തിയ തിരുനക്കര ചുറ്റുവട്ടം കോളത്തിൽ ഉമ്മൻചാണ്ടിയെ പലപ്പോഴും വിമർശിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സൗഹൃദത്തിന് ഒരു കുറവും വന്നിട്ടില്ല. വിമർശനം ഉൾക്കൊള്ളുന്നതല്ലാതെ അത് ഒരിക്കലും മനസിൽവച്ച് പ്രവർത്തിക്കാറില്ല. ഒരു ജനകീയ നേതാവ് എങ്ങനെയായിരിക്കണമെന്നതിന്റെ മാതൃകയായ ഉമ്മൻചാണ്ടിക്ക് ചുറ്റുവട്ടത്തിന്റെ ജൂബിലി ചിയേഴ്സ് ...