കട്ടപ്പന: ഭൂമിപതിവ് ചട്ടത്തിലെ ഭേദഗതി ആവശ്യപ്പെട്ട് യു.ഡി.എഫ് നടത്തുന്ന സമരം വ്യക്തിതാത്പര്യം സംരക്ഷിക്കാനാണെന്ന് കിസാന്‍ സഭ ദേശീയ സമിതിയംഗം മാത്യു വര്‍ഗീസ്. കോണ്‍ഗ്രസാണ് ഈ നിയമം കൊണ്ടുവന്നത്. 1964-നുശേഷം നിരവധി തവണ യു.ഡി.എഫ് കേരളം ഭരിച്ചിട്ടും നിയമഭേദഗതി വരുത്തിയില്ല. പകരം കര്‍ഷകര്‍ക്ക് പട്ടയം കൊടുക്കുന്നതിനു എതിരായി കുരുക്കുകള്‍ ഉണ്ടാക്കി. യു.ഡി.എഫ് നല്‍കിയ പട്ടയങ്ങളിലെ ഉപാധികള്‍ ഒഴിവാക്കി കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. കട്ടപ്പനയില്‍ ഉപവാസ സമരത്തിനു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാവ് അന്നത്തെ റവന്യു മന്ത്രിയെ സ്വാധീനിച്ച് വ്യാജപട്ടയങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു. പി.ജെ. ജോസഫ് റവന്യു മന്ത്രിയായിരുന്ന കാലത്ത് ഒന്നും ചെയ്തില്ല. കൊടുത്ത പട്ടയം അന്നത്തെ മുഖ്യമന്ത്രി തിരിച്ചുവാങ്ങിയിട്ടും ഒന്നും ചെയ്യാതിരുന്നയാളാണ് ഇപ്പോള്‍ സമരം നടത്തുന്നത്. കുളമാവിലെ ഗ്രീന്‍ബര്‍ഗ് റിസോര്‍ട്ടിന്റെ പട്ടയം റദ്ദാക്കിയപ്പോള്‍ തട്ടിപ്പു സമരവുമായി രംഗത്തെത്തി. 1964-ലെ ഭൂമിപതിവ് ചട്ടത്തില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്നാണ് കിസാന്‍ സഭ ആവശ്യപ്പെടുന്നത്. എല്ലാ കുരുക്കുകളും അഴിച്ച് മുഴുവന്‍ പേര്‍ക്കും എല്‍.ഡി.എഫ്. സര്‍ക്കാര്‍ പട്ടയം നല്‍കുമെന്നും മാത്യു വര്‍ഗീസ് പറഞ്ഞു. സി.പി.ഐ. മണ്ഡലം സെക്രട്ടറി വി.ആര്‍. ശശി, കിസാന്‍ സഭ ജില്ലാ സെക്രട്ടറി ടി.സി. കുര്യന്‍ എന്നിവരും പങ്കെടുത്തു.