കട്ടപ്പന: ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ അലംഭാവം തുടർന്നാൽ കോൺഗ്രസ് നടത്തിവരുന്ന സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ.ഐ.സി.സി അംഗം അഡ്വ. ഇ.എം. ആഗസ്തിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടത്തിയ ഉപവാസ സമരം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2019 ഡിസംബർ 17ലെ സർവകക്ഷി യോഗത്തിലെ തീരുമാനം നിയമ ഭേദഗതി കൊണ്ടുവരുമെന്നതാണ്. ഇതിൽ നിന്നു സർക്കാർ പിന്നാക്കം പോയതിൽ ദുരൂഹതയുണ്ട്. നിർമാണ നിരോധന ഉത്തരവിലൂടെ ഇടുക്കിയിലെ ജനജീവിതം ദുസഹമാക്കിയ സർക്കാരിന് ശക്തമായ തിരിച്ചടി നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സമരം ശക്തമാക്കുമെന്ന് മുഖ്യ പ്രഭാഷണത്തിൽ ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. രണ്ടാംഘട്ടത്തിൽ നെടുങ്കണ്ടം, അടിമാലി, അണക്കര എന്നിവിടങ്ങളിൽ ഉപവാസം നടത്തും. മൂന്നാംഘട്ടത്തിൽ മണ്ഡലം തലത്തിലും പിന്നീട് വാർഡ് തലത്തിലും സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ ജോണി കുളംപള്ളി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ റോയി കെ.പൗലോസ്, മാത്യു കുഴൽനാടൻ, നേതാക്കളായ എ.കെ. മണി, അഡ്വ. എസ്. അശോകൻ, ജോയി വെട്ടിക്കുഴി, തോമസ് രാജൻ, എ.പി. ഉസ്മാൻ, അഡ്വ. കെ.കെ. മനോജ്, അഡ്വ. കെ.ജെ. ബെന്നി, മനോജ് മുരളി തുടങ്ങിയവർ പങ്കെടുത്തു.