ഈരാറ്റുപേട്ട : രണ്ടുപതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിലൂടെ ഒരുപാട് സുഹൃദ് ബന്ധങ്ങൾ ഇണക്കി ചേർത്താണ് ലിസി യാത്രയായത്. പുഞ്ചിരിക്കുന്ന മുഖത്തോടെ മാത്രമേ ലിസിയെ ആളുകൾ കണ്ടിട്ടുള്ളൂ. എല്ലാവരോടും വിനയത്തോടെ പെരുമാറുന്ന ലിസി സെബാസ്റ്റ്യന് രാഷ്ട്രീയത്തിനപ്പുറം വലിയൊരു സുഹൃദ് വലയമുണ്ടായിരുന്നു.
നാടിന്റെ ക്ഷേമവികസനത്തിനായി ഡിവിഷനിൽ ഉടനീളം ഓടിയെത്തിയിരുന്ന ലിസി ജനമനസുകളിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 2000 ൽ പയ്യാനിത്തോട്ടം വാർഡിൽ നിന്നും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2010-15 കാലഘട്ടത്തിൽ 2 വർഷം വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു. തുടർന്ന് 2015 ൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നിർമ്മല ജിമ്മിയെന്ന ശക്തയായ എതിരാളിയെ പരാജയപ്പെടുത്തി. എക്കാലവും പി.സി.ജോർജിനൊപ്പം അടിയുറച്ച രാഷ്ട്രീയ ജീവിതമായിരുന്നു ലിസിയുടേത്. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖർ ലിസിയ്ക്ക് അന്തിമോപചാരമർപ്പിച്ചു.