അടിമാലി: മാങ്കുളം പഞ്ചായത്തിൽ അമ്പതാംമൈൽ സിങ്കുകുടി ആദിവാസി കോളനിക്ക് മുകളിലായി വനംവകുപ്പ് നിർമ്മിച്ച കിടങ്ങ് മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള പ്രൃതി ദുരന്തത്തിന് കാരണമാകുമെന്ന് ദേവികുളം തഹസീൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. കിടങ്ങ് നികത്തി പൂർവസ്ഥിതിയിലാക്കണമെന്നും റിപ്പോർട്ടിലുണ്ട്. വന്യജീവികളെ പ്രതിരോധിക്കാനെ പേരിൽ 3.5 മീറ്റർ വീതിയിലും താഴ്ചയിലും 750 മീറ്റർ നീളത്തിലുമാണ് കിടങ്ങ് നിർമ്മിച്ചത്. ഇതിനെതിരെ നാട്ടുകാർ രംഗത്ത് വതോടെ വനം- റവന്യു സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്ന് കളക്ടർ ഉത്തരവിട്ടിരുന്നു. കിടങ്ങ് നിർമ്മിച്ചത് പഴയ ആലുവ- മൂന്നാർ റോഡ് നശിപ്പിച്ചുകൊണ്ടാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വന്യജീവി പ്രതിരോധത്തിനാണ് കിടങ്ങ് എന്ന വാദം അടിസ്ഥാനരഹിതമാണ്. മലയോര ഹൈവേയുടെ ഭാഗമായി പഴയ ആലുവ മൂന്നാർ- റോഡ് ഉൾപ്പെടുത്തിയതിനാൽ വനംവകുപ്പിന്റെ നടപടി ഭാവിയിൽ റോഡ് വികസനത്തെ ബാധിക്കും. കിടങ്ങിൽ വെള്ളം നിറയുന്നത് മണ്ണിടിച്ചിൽ ഉണ്ടാക്കുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടാൻ ദേവികുളം സബ്‌കളക്ടർ, കളക്ടർ എന്നിവർ സ്ഥലം സന്ദർശിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. താലൂക്ക് സർവേയരുടെ കണ്ടെത്തലുകൾ കൂടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
നേരത്തെ മാങ്കുളം വില്ലേജ് ആഫീസറും സമാന രീതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.