തലയോലപ്പറമ്പ്: ബാംഗ്ലൂർ കന്യാകുമാരി ഐലന്റ് എക്സ്പ്രസിന്റെ പിറവം റോഡ് റെയിൽവേ സ്റ്റേഷനിലെ സ്റ്റോപ്പ് ഒഴിവാക്കാനുള്ള റെയിൽവേയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുന്നു. രാവിലെ 8.20 നും തിരിച്ചു വൈകുന്നേരം 5.20നും പിറവം റോഡ് റെയിൽവേ സ്റ്റേഷനിലെത്തുന്ന ബാംഗ്ലൂർ കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് നൂറുകണക്കിന് യാത്രക്കാർക്കാണ് ഉപകാരപ്പെടുന്നത്. വൈക്കത്തും സമീപ പ്രദേശങ്ങളിൽ നിന്നും നഴ്‌സിംഗ് അടക്കമുള്ള പ്രഫഷണൽ കോഴ്‌സുകൾക്ക് ബാംഗ്ലൂരിൽ പഠിക്കുന്നവർക്കും വിവിധ ആവശ്യങ്ങൾക്കായി ബാംഗ്ലൂർ, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നതിനും ഉൾപ്പെടെ ഐലന്റ് എക്‌സ്പ്രസിനെ ആശ്രയിക്കുന്നവർ നിരവധി യാത്രക്കാരാണ്. കോട്ടയം, എറണാകുളം ജില്ലകളുടെ അതിർത്തി പ്രദേശത്താണ് വൈക്കം വെള്ളൂരിലെ പിറവം റോഡ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. യാത്രക്കാരുടെ കുറവുമൂലം ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിറവം റോഡ് സ്റ്റേഷനിലെ സ്റ്റോപ്പ് നിറുത്താൻ നീക്കം നടത്തുന്നത്. കുത്താട്ടുകുളത്ത് നിന്നുപോലും ആളുകൾ പിറവം റോഡ് റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ട്.
ഇനി സമരം!
വേണാട്, പരശുറാം, വഞ്ചിനാട് എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്ക് പിറവം റോഡിൽ സ്റ്റോപ്പുണ്ട്. നഷ്ടം മുൻനിർത്തി ഏതാനും പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പുകളും നിറുത്തിയിരുന്നു. ഐലന്റ് എക്സ്പ്രസിന്റെ പിറവം റോഡിലെ സ്റ്റോപ്പ് നിറുത്താനുള്ള തീരുമാനം റെയിൽവേ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വെള്ളൂർ നിവാസികളും വെള്ളൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ സംഘടനയും സമരം ആരംഭിക്കാനുളള ഒരുക്കത്തിലാണ്.