pakalveedu

ഇടിഞ്ഞുവീണ മണ്ണ് മാറ്റാൻ നടപടിയില്ല:

കട്ടപ്പന: തുടർച്ചയായ വർഷങ്ങളിൽ മണ്ണിടിഞ്ഞ് അയ്യപ്പൻകോവിൽ പഞ്ചായത്തിലെ പകൽവീട് കെട്ടിടം അപകടാവസ്ഥയിലായി. ഉദ്ഘാടനം ചെയ്യാത്ത കെട്ടിടത്തിന്റെ പിൻവശത്ത് കൂടിക്കിടക്കുന്ന മണ്ണ് നീക്കി ബലക്ഷയം പരിഹരിക്കാൻ ഇനിയും നടപടിയില്ല. ജില്ലാ പഞ്ചായത്തിൽ നിന്നു അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിച്ചാണ് 2017-18 വർഷത്തിൽ മരുതുംപേട്ടയിൽ പകൽ വീട് നിർമിച്ചത്. 2019ലെ പ്രളയത്തിൽ 30 അടിയിൽ അധികം ഉയരമുള്ള കൂറ്റൻ മൺതിട്ട ഇടിഞ്ഞ് കെട്ടിടത്തിനു മുകളിൽ പതിച്ചിരുന്നു. കഴിഞ്ഞ മാസത്തെ പേമാരിയിൽ വീണ്ടും മണ്ണിടിഞ്ഞതോടെ കെട്ടിടം കൂടുതൽ അപകടാവസ്ഥയിലായി. കെട്ടിടത്തിന്റെ പിൻവശത്തും കേടുപാട് സംഭവിച്ചിട്ടുണ്ട്. അപകട സാദ്ധ്യത ഏറെയുള്ള ഇവിടെ ഇനിയും സംരക്ഷണഭിത്തി നിർമിക്കാൻ വൈകിയതാണ് മണ്ണിടിച്ചിലിനു കാരണമെന്നു ആക്ഷേപമുണ്ട്. വാർഡുതല സാംസ്‌കാരിക നിലയം എന്ന നിലയിലാണ് നിർമാണം ആരംഭിച്ചതെങ്കിലും പിന്നീട് പകൽ വീടാക്കി മാറ്റുകയായിരുന്നു.