bus

കോട്ടയം : കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാതെ സ്വകാര്യബസ് മേഖല. ജില്ലയിലെ 1200 സ്വകാര്യ ബസുകളിൽ മുന്നൂറിൽ താഴെയാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ആറു മാസത്തിലേറെയായി ബസുകൾ സർവീസ് നടത്താതെ വന്നതോടെ തൊഴിലാളികളിൽ പലരും മറ്റു ജോലികളിലേയ്‌ക്ക് ചേക്കേറി. പകുതിയിലധികം ബസുകളും ജിഫോം നൽകിയിരിക്കുകയാണ്. പമ്പുകളും, ഉടമകളുടെ വീട്ടുവളപ്പും, വഴിയരികും എല്ലാമായി ഇപ്പോൾ ബസുകളുടെ ഗാരേജുകളാണ്. ഏറ്റവും കൂടുതൽ സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന കെ.കെ റോഡിൽ ഇപ്പോൾ ഓടുന്നത് 35 ബസുകൾ മാത്രമാണ്.

ബാറ്ററി ഡിം,​ കാറ്റ് പോയി ടയർ

ബസുകൾ വിൽക്കാൻ ചില ഉടകൾ ശ്രമിച്ചെങ്കിലും പ്രതിസന്ധികാലത്ത് ആരും ബസ് വാങ്ങാൻ തയ്യാറാകുന്നില്ല. പെർമിറ്റ് അടക്കം വിറ്റ് മറ്റ് പല ഉപജീവനമാർഗത്തിലേയ്ക്കും കടക്കാനായിരുന്നു ഇവരുടെ ശ്രമം. സർവീസ് നടത്താതെ കയറ്റിയിട്ടിരിക്കുന്ന ബസുകൾ പുറത്തിറക്കണമെങ്കിൽ ഭീമമായ തുക വേണ്ടിവരും. പല ബസുകളുടെയും ബാറ്ററി നശിച്ചു. ഊരിവയ്ക്കാത്ത ടയറുകൾ ഉറഞ്ഞ് നശിച്ചു. റബർ പാർട്സുകൾ ഏറിയ പങ്കും നശിച്ചതായി ഉടമകൾ പറയുന്നു.

ഓടുന്ന ബസുകൾക്ക് ഭീഷണിയാണ് കെ.എസ്.ആർ.ടി.സി. കൂടുതൽ യാത്രക്കാരെ ലഭിക്കുന്ന സമയം നോക്കി കെ.എസ്.ആർ.ടി.സി സർവീസ് നടത്തുകയാണ്. പ്രതിസന്ധിക്കാലത്ത് സ്വകാര്യ ബസ് വ്യവസായത്തെ തകർക്കാൻ മാത്രമേ ഇത് ഉപകരിക്കൂ.

ടി.എസ്. സുരേഷ്,​ ജില്ലാ സെക്രട്ടറി

ബസ് ഓപ്പററ്റേഴ്സ് അസോസിയേഷൻ