കട്ടപ്പന: കട്ടപ്പന വട്ടുകുന്നേൽപ്പടി റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധം ശക്തം. സി.പി.എം. പാറമട ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴിൽ വാഴ നട്ട് പ്രതിഷേധിച്ചു. മേഖലയിലെ പാറമടയിലേക്കു ടോറസ് ലോറികൾ ഉൾപ്പെടെയുള്ളവ നിരന്തരം കടന്നുപോകുന്നതാണ് റോഡ് തകരാൻ കാരണമെന്നു നാട്ടുകാർ ആരോപിച്ചു. വർഷങ്ങളായി തകർന്നുകിടക്കുന്ന രണ്ടുകിലോമീറ്റർ ദൈർഘ്യമുള്ള പാത പി.ഡബ്ല്യു.ഡി. ഏറ്റെടുത്തെങ്കിലും നവീകരിച്ചില്ല. കനത്തമഴയിൽ വെള്ളം കുത്തിയൊഴുകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങളടക്കം ഏറെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. സി.പി.എം. കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ. സജി സമരം ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം എം.സി. ബിജു, ബ്രാഞ്ച് സെക്രട്ടറി വിഷ്ണു വിജയൻ, സി.വി. ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.