ചങ്ങനാശേരി: ഒരൊറ്റ മഴയേ വേണ്ടൂ... പിന്നെ ദുരിതമായി. മഴക്കാലമായാൽ പാറയ്ക്കൽപടി പൈനുംമ്പ്ര ഭാഗത്തെ വീടുകൾ വെള്ളക്കെട്ടിലാണ്. ചങ്ങനാശേരി പായിപ്പാട് റോഡിൽ പാറയ്ക്കൽപടി പൈനുംമ്പ്ര ഭാഗത്ത് ഓടയില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. ഈ ഭാഗത്ത് ഒന്നാംഘട്ട റോഡ് ടാറിംഗ് നടത്തി പൈപ്പ് ലൈനുകൾ സ്ഥാപിച്ചെങ്കിലും ഓട നിർമ്മിച്ചിട്ടില്ല. പൈനുംമ്പ്ര റോഡിലേക്ക് തിരിയുന്ന കയറ്റിറക്കത്തിൽ റോഡ് ഉയർത്തിയാണ് റോഡ് ടാറിംഗ് ചെയ്തിരിക്കുന്നത്. അതിനാൽ മഴക്കാലത്ത് വെള്ളത്തിന്റെ കുത്തൊഴുക്ക് മൂലം റോഡിനു സമീപത്തെ വീടുകളിലേക്ക് വെള്ളം ഇരച്ചുകയറുകയും വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതിനാൽ വെള്ളം ദിവസങ്ങളോളം കെട്ടിക്കിടക്കുകയും ചെയ്യുന്നു. കുത്തിയൊലിച്ച് വരുന്ന വെള്ളം റോഡിലെ വശങ്ങളിലെ ടാറിംഗ് ഇളകിപ്പോകാൻ കാരണമാകുന്നു.
പിന്നെ രോഗഭീതി
മലിനജലം കെട്ടിക്കിടക്കുന്നത് രോഗഭീഷണി ഉയർത്തുന്നുണ്ട്. പ്രദേശവാസികൾ വിഷയം പി ഡബ്ല്യു ഡി മല്ലപ്പള്ളി ഡിവിഷൻ അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന്, പൈപ്പ് ലൈൻ നിർമ്മാണങ്ങൾക്ക് ശേഷം പ്രശ്‌നം പരിഹരിക്കാമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും നടപടിയായില്ല. മഴ രൂക്ഷമായ സാഹചര്യത്തിൽ റോഡിൽ അടിയന്തരമായി ഓട നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം