കുറവിലങ്ങാട് : വിഷൻ 2020 വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനം 16ന് ഉച്ചകഴിഞ്ഞ് 3ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ഓൺലൈൻ പ്രോഗ്രാമിലൂടെ നിർവഹിക്കുമെന്ന് മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടനത്തിന് മുന്നോടിയായുള്ള വികസന യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ചേരും. പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ അദ്ധ്യക്ഷത വഹിക്കുന്ന സർവകക്ഷി യോഗം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കടുത്തുരുത്തി പഞ്ചായത്ത് ഓഫീസ്, മേജർ ഇറിഗേഷൻ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്. പി.ഡബ്ല്യൂ.ഡി സബ് ഡിവിഷൻസെക്ഷൻ ഓഫീസുകൾ, വില്ലേജ് ഓഫീസ്, കൃഷി ഭവൻ, അഗ്രിക്കൾച്ചറൽ അസി. ഡയറക്ടർ ഓഫീസ് എന്നിവയാണ് മിനി സിവിൽസ്റ്റേഷനിലേക്ക് മാറ്റുന്നത്. 400 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഇതോടൊപ്പം തയാറാക്കിയിട്ടുണ്ട്. വാഹന പാർക്കിങ്ങിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ലിഫ്റ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.