കോട്ടയം: തമിഴ്നാട്ടിൽ നിന്ന് ലോറി എത്താതായതോടെ പച്ചക്കറിയുടെ വില വാണംപോലെ കുതിക്കുന്നു. ഒട്ടുമിക്ക പച്ചക്കറികൾക്കും വില 60 രൂപയിൽ കൂടുതലായി. കോഴിമുട്ടക്കും വില കൂടി. പലചരക്ക് സാധനങ്ങളുടെ വിലയും ഓരോ ദിവസവും കൂടുകയാണ്. വില കൂടിയതോടെ ചില കടകളിൽ പ്രദർശിപ്പിച്ചിരുന്ന വില നിലവാര ബോർഡുകൾ അപ്രത്യക്ഷമായി, ഇപ്പോൾ വായിൽ വരുന്നതാണ് വില.
ഒട്ടുമിക്ക കടകളിലും പച്ചക്കറികൾ കുറവാണ്. ചില പച്ചക്കറികൾ ചന്തയിൽ കാണാനേയില്ല. പാവയ്ക്ക, പടവലങ്ങ, മുരിങ്ങയ്ക്ക എന്നിവയാണ് അപ്രത്യക്ഷമായിട്ടുള്ളത്. സാധനങ്ങൾക്ക് വില കൂടിയതോടെ ഒന്നും രണ്ടും കിലോ സാധനങ്ങൾ വാങ്ങിയിരുന്നവർ കാൽ കിലോയിലൊതുക്കിയിരിക്കുകയാണ്.
ഓണക്കാലത്ത് 25 രൂപ വിലയുണ്ടായിരുന്ന പച്ചമുളകിന് ഇപ്പോൾ വില 60 രൂപയാണ്. 40 രൂപയുടെ തക്കാളിക്ക് വില ഇരട്ടിയായി 80 രൂപയിലെത്തി. പയറിന് 70 രൂപ. 35 രൂപയുണ്ടായിരുന്ന ബീൻസിന് മൊത്തവ്യാപാര വില 80 രൂപയാണ്. ചെറുകിട കച്ചവടക്കാരിൽ നിന്നും ബീൻസ് കിട്ടണമെങ്കിൽ 85 രൂപ നല്കണം. വെണ്ടയ്ക്ക -60, പാവയ്ക്ക-60, കാരറ്റ്-80, കോവയ്ക്ക -50, കാബേജ് - 45, ഉരുളക്കിഴങ്ങ് -50, ബീറ്റ്റൂട്ട് - 40 എന്നിങ്ങനെയാണ് ഇന്നത്തെ വില.
ഓണക്കാലത്ത് 30 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിക്ക് വില ഇരട്ടിയിലധികമായി. 70 രൂപ നല്കിയാലേ ഒരു കിലോ ചെറിയ ഉള്ളി വാങ്ങാനാവൂ. സവാളക്ക് 15 രൂപ കൂടി 35 രൂപയിലെത്തി. വെളുത്തുള്ളി 80രൂപയിൽ നിന്നും 135 രൂപയിലേക്കാണ് ഉയർന്നത്. വറ്റൽ മുളക് 20 രൂപ കൂടി 142 രൂപയിലെത്തി. 4.50 രൂപ ഉണ്ടായിരുന്ന മുട്ട 5.30 രൂപയായി. ചില്ലറ കിട്ടണമെങ്കിൽ ആറ് രൂപ നല്കണം. വരും ദിവസങ്ങൾ വില കൂടുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
കൊവിഡ് പാശ്ചാത്തലത്തിൽ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് മൊത്ത വ്യാപാരികൾ വില വർദ്ധിപ്പിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. എന്നാൽ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും വാഹനങ്ങൾ എത്താത്തതാണ് വില വർദ്ധനവിന് കാരണമെന്നാണ് കച്ചവടക്കാർ വ്യക്തമാക്കുന്നത്. വില നിയന്ത്രിക്കാൻ സർക്കാർ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.