oc

കോട്ടയം: അന്നും ഇന്നും അടിമുടി കോൺഗ്രസുകാരനാണെങ്കിലും പുതുപ്പള്ളിയിൽ ആദ്യം ഉമ്മൻ മത്സരിച്ചത് തെങ്ങ് ചിഹ്നത്തിലാണ്. കോൺഗ്രസ് പിളർന്നതിനാൽ ചിഹ്നമായ 'നുകം വെച്ച കാള ' മരവിപ്പിച്ചതോടെ 1970ലെ കന്നി പോരാട്ടത്തിൽ സ്വതന്ത്ര ചിഹ്നമായ തെങ്ങിൽ മൽസരിക്കേണ്ടിവന്നു ഉമ്മൻചാണ്ടിക്ക്. അന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു ഉമ്മൻചാണ്ടി. ആവേശം മൂത്ത അണികൾ തെങ്ങിൻ തൈകൾ പറിച്ചെടുത്ത് മണ്ഡലത്തിൽ ഉടനീളം സ്ഥാപിച്ചായിരുന്നു പ്രചാരണം നടത്തിയത് .

അന്ന് സി.പി.എമ്മിന്റെ കുത്തക മണ്ഡലമായിരുന്ന പുതുപ്പള്ളിയിൽ ഹാട്രിക് ജയത്തിന് എം.തോമസിനെ മുന്നിൽ നിറുത്തിയുള്ള പോരാട്ടത്തിൽ പുതുപ്പള്ളിയിൽ ശക്തമായ വേരോട്ടമുള്ള സംഘടനാ കോൺഗ്രസ് സ്ഥാനാർത്ഥിയും ഉമ്മൻചാണ്ടിയെ നേരിടാനെത്തി . ഉമ്മൻചാണ്ടി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുമെന്ന് കരുതിയവരെ ഞെട്ടിച്ച് 7288 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു ജയം. പിന്നീട് തുടർച്ചയായി പതിനൊന്നു തവണ ജയിച്ചു . തിരുവനന്തപുരത്തെ വീടിന് പുതുപ്പള്ളി എന്ന പേരു നൽകുന്ന ഇഴയടുപ്പം മണ്ഡലവുമായി ഉണ്ടാക്കി. ഇന്ന് ആരും ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിക്കാൻ ധൈര്യം കാട്ടില്ല. ഇറക്കുമതി സ്ഥാനാർത്ഥികൾ വരുന്നതാകട്ടെ മുൻ മുഖ്യമന്ത്രിയുടെ എതിരാളിയായി ദേശീയ മാദ്ധ്യമങ്ങളിൽ വരെ ലഭിക്കുന്ന പബ്ലിസിറ്റി ലാക്കാക്കിയാണ്.

ആദ്യ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ചുക്കാൻ പിടിച്ചവരിൽ പ്രമുഖൻ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു. കൺവെൻഷനില്ല. കാശില്ലാത്തതിനാൽ ഫോട്ടോ പതിച്ച പോസ്റ്റർ പോലുമടിച്ചില്ല. 25000 രൂപയായിരുന്നു പ്രചാരണത്തിന് പാർട്ടി നൽകിയത്. 22500 രൂപ ചെലവഴിച്ച് ബാക്കി 2500 കെ.പി.സി.സി പ്രസിഡന്റിന് തിരിച്ചുകൊടുത്തു ഉമ്മൻചാണ്ടി .

രാഷ്ട്രീയ തടവുകാരനായി ജയിൽവാസമനുഷ്ഠിക്കേണ്ടി വന്ന എം. തോമസിന്റെ തടവറയിൽ നിൽക്കുന്ന ഫോട്ടോയും സിനിമാപ്രചരണത്തിന് ഉപയോഗിക്കുന്ന ഉന്തുവണ്ടിയും ചെണ്ടയും കത്തിച്ച പെട്രോമാക്സും ഉപയോഗിച്ച് നാടിളക്കിയുള്ള പ്രചാരണമായിരുന്നു സി.പി.എമ്മിന്റേത് . പെട്ടി പൊട്ടിച്ചപ്പോൾ സംഘടനാ കോൺഗ്രസ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തുമായി.

നാട്ടകാരായ വി.എൻ.വാസവൻ, സുജ സൂസൻ ജോർജ്, അഡ്വ.തോമസ് രാജൻ ,രജി സഖറിയ എന്നിവർക്കു പുറമേ ഇറക്കുമതി സ്ഥാനാർത്ഥികളായി ചെറിയാൻ ഫിലിപ്പ്, എസ്.എഫ്.ഐ നേതാക്കളായ സിന്ധു ജോയ്, ജയ്ക്ക് സി. തോമസ് തുടങ്ങിയവരെ സി.പി.എം പരീക്ഷിച്ചിട്ടും 'എന്നെ തോൽപ്പിക്കാനാവില്ല മക്കളെ 'എന്ന് പറഞ്ഞ് അരനൂറ്റാണ്ടിന്റെ ആഘോഷ നിറവിൽ കൈപ്പത്തി ഉയർത്തി ചിരിക്കുകയാണ് ഉമ്മൻചാണ്ടി.