പാലാ: മുത്തോലി ഗ്രാമപ്പഞ്ചായത്തിലെ കടപ്പാട്ടൂരിൽ പണിത പുതിയ അങ്കണവാടി കെട്ടിടത്തിന്റെ ചോർച്ച പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികൾ തുടങ്ങി. ഇന്നലെ വാർക്കയുടെ മുകളിൽ പാരപ്പെറ്റ് കെട്ടുന്ന ജോലികളാണ് ആരംഭിച്ചത്. കടപ്പാട്ടൂർ അങ്കണവാടി കെട്ടിടം ചോർന്നൊലിക്കുന്നത് സംബന്ധിച്ചും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കും മുമ്പേ മന്ദിരം ഉദ്ഘാടനം നടത്തിയതും കേരളകൗമുദി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് ജനപ്രതിനിധികൾ ഇടപെട്ട് അടിയന്തിരമായി നിർമ്മാണജോലികൾ ആരംഭിച്ചത്. അതേസമയം തങ്ങളുടെ അറിവോടെയല്ല പാരപ്പറ്റ് നിർമ്മാണം ആരംഭിച്ചതെന്ന് മുത്തോലി പഞ്ചായത്ത് അസി. എൻജിനീയറും ഓവർസീയറും പറഞ്ഞു. പണികൾ പൂർത്തീകരിച്ചാൽ വിശദമായ പരിശോധന കഴിഞ്ഞതിനു ശേഷം മാത്രമേ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകൂവെന്നും അസി. എൻജിനീയർ പറഞ്ഞു. എന്നാൽ 10 ലക്ഷം രൂപ ചെലവഴിച്ച കടപ്പാട്ടൂർ അങ്കണവാടി മന്ദിര നിർമ്മാണത്തിൽ അപാകതയും വ്യാപകമായ അഴിമതിയും നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സി.പി.എം. രംഗത്തുവന്നു. പണി പൂർത്തിയാകും മുമ്പേ ഉദ്ഘാടനം നടത്തരുതെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികാരികൾക്ക് നേരത്തേ തന്നെ പരാതി നൽകിയിരുന്നുവെന്ന് അങ്കണവാടിയിലെ രക്ഷാകർത്താവും സി.പി.എം മുത്തോലി ലോക്കൽ കമ്മിറ്റി അംഗവുമായ പ്രദീപ് സലിം പറഞ്ഞു. എന്നാൽ അന്നത്തെ പഞ്ചായത്ത് ഭരണ നേതൃത്വം ഉദ്ഘാടന പരിപാടികളുമായി മുന്നോട്ടുപോയി. ഉദ്ഘാടനം കഴിഞ്ഞ പുത്തൻ കെട്ടിടം ഇപ്പോൾ ചോരുന്നതിനാൽ മാതാപിതാക്കൾക്ക് ആശങ്കയുണ്ട്. രണ്ട് ജനപ്രതിനിധികളുടെ ഇടപെടീലിനെ തുടർന്നാണ് പണി തീരാതെ തട്ടിക്കൂട്ട് ഉദ്ഘാടനം നടത്തിയതെന്നും പ്രദീപ് സലിം ആരോപിച്ചു.
കളക്ടർക്ക് പരാതി നൽകി
10 ലക്ഷത്തിൽ പകുതി രൂപാ പോലും അങ്കണവാടി കെട്ടിട നിർമ്മാണത്തിന് ചിലവഴിച്ചിട്ടില്ലെന്ന് സി.പി.എം കുറ്റപ്പെടുത്തുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സാമൂഹ്യക്ഷേമ വകുപ്പ് അധികാരികൾക്കും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ട്. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത കെട്ടിടം ഉദ്ഘാടനം ചെയ്യാൻ തിരക്ക് കൂട്ടിയ ജനപ്രതിനിധികൾ തൽസ്ഥാനം രാജിവെയ്ക്കണമെന്നും സി.പി.എം ആവശ്യപ്പെടുന്നു. പണി പൂർത്തിയാകാതെ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്യരുതെന്ന് കാട്ടി പഞ്ചായത്തിലെ ഭരണപക്ഷമായ കേരളാ കോൺഗ്രസ് എമ്മിലെ തന്നെ നേതാവായ ജി. രൺദീപും നേരത്തേ പരാതി നൽകിയിരുന്നു.എന്നാൽ പരാതികളെല്ലാം പൂർണ്ണമായും അവഗണിച്ചെന്ന ആരോപണം ശക്തമാണ്.