കട്ടപ്പന: വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ മറികടന്ന് ഉരുൾപൊട്ടൽ സാദ്ധ്യത മേഖലയിൽ അനധികൃതമായി പാറ പൊട്ടിച്ചു കടത്തുന്നു. ഈട്ടിത്തോപ്പ് ശാശേരിപ്പടിമൈലാടുംപാറ പടി റോഡിന്റെ അറ്റകുറ്റപ്പണിയുടെ മറവിലാണ് ലോഡ് കണക്കിന് കല്ല് ദിവസവും കടത്തുന്നത്. വിവരമറിഞ്ഞ് വാത്തിക്കുടി വില്ലേജ് ഓഫീസർ സജി മാത്യു സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സ്റ്റോപ്പ് മെമ്മോ നൽകിയതിനുശേഷവും വൻതോതിൽ പാറ പൊട്ടിച്ച് കടത്തിയതായി കണ്ടെത്തി.
ഇരട്ടയാർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപെട്ട റോഡിന്റെ സംരക്ഷണ ഭിത്തി നിർമാണത്തിനാണ് കല്ല് പൊട്ടിക്കാൻ അനുവാദം നൽകിയത്. 40 ലോഡ് കല്ല് മാത്രമാണ് നിർമാണത്തിനു വേണ്ടിവരുന്നത്. ഇതിന്റെ മറവിലാണ് മൂന്നുമാസത്തിലധികമായി റോഡിനോടു ചേർന്ന് കംപ്രസർ, ബ്രേക്കർ എന്നിവ ഉപയോഗിച്ചും സ്‌ഫോടനം നടത്തിയും പാറ പൊട്ടിച്ചുവരുന്നത്. 300ലധികം ലോഡ് കല്ല് അനധികൃതമായി കടത്തിയിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
പാറപൊട്ടിക്കുന്ന സ്ഥലത്തു നിന്നുള്ള വെള്ളം ഇരട്ടയാർ, വാത്തിക്കുടി പഞ്ചായത്തുകളുടെ അതിർത്തിയായ പന്തംമാക്കൽ തോട്ടിലേക്കാണ് ഒഴുകിയെത്തുന്നത്. പാറഖനനം ആരംഭിച്ചശേഷം കഴിഞ്ഞമാസമുണ്ടായ പേമാരിയിൽ ഉരുൾപൊട്ടി ഏഴ് ഏക്കർ കൃഷിയിടം ഒലിച്ചുപോയിരുന്നു.
മൂന്നാഴ്ച മുമ്പ് വാത്തിക്കുടി വില്ലേജ് ഓഫീസർ സ്ഥലത്തെത്തി സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെങ്കിലും പാറ ഖനനം നിർബാധം തുടർന്നു. തുടർച്ചയായി ലോറികൾ ഓടിയതോടെ ശാശേരിപ്പടി റോഡും തകർന്നു. തുടർന്ന് ലോഡുമായി വന്ന ലോറി നാട്ടുകാർ തടഞ്ഞിട്ടു. എന്നാൽ പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി നടത്തിയ ചർച്ചയിൽ റോഡ് നിർമിച്ചുനൽകാമെന്ന ധാരണയിൽ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചിരുന്നു. എന്നാൽ അനധികൃത പാറഖനനം തുടർന്നു. അനധികൃത ഖനനം നേരിൽ ബോധ്യപ്പെട്ട വില്ലേജ് ഓഫീസർ, തഹസിൽദാർക്ക് റിപ്പോർട്ട് നൽകും
സി.പി.എം. അറിവോടെയെന്ന് കോൺഗ്രസ്
അനധികൃത പാറപൊട്ടിക്കൽ പഞ്ചായത്ത് അംഗത്തിന്റെയും സി.പി.എം. നേതാക്കളുടെയും അറിവോടെയാണെന്ന് ആരോപിച്ച് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റി രംഗത്തെത്തി. ഒരു ലോഡ് കല്ല് 7000 രൂപയ്ക്കാണ് വിൽക്കുന്നത്. ലോഡുമായി ലോറികൾ ഓടി റോഡ് തകർന്നിരിക്കുകയാണ്. സോളിംഗ് നടത്തിയ ഭാഗം സഞ്ചാരയോഗ്യമല്ലാതായി. സ്‌ഫോടനം നടത്തിയുള്ള ഖനനം പ്രദേശത്തെ വീടുകൾക്കും കൃഷിയിടങ്ങൾക്കും ഭീഷണിയാണ്.