തലയോലപ്പറമ്പ്: ഗ്രാമപഞ്ചായത്തുകളിലെ കൊവിഡ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നവരെ പരിശോധന കേന്ദ്രങ്ങളിൽ സൗജന്യമായിഎത്തിക്കുന്നതിന് മൂന്ന് മാസത്തേക്ക് വാഹനമേർപ്പെടുത്തി വൈക്കം ടൗൺ റോട്ടറി ക്ലബ് മാതൃകയായി. ചെമ്പ് മറവൻതുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിൽ കൊവിഡ് പരിശോധനയ്ക്കായി ആളുകളെ പരിശോധന കേന്ദ്രങ്ങളിലെത്തിക്കാൻ വാഹനങ്ങളുടെ അപര്യാപ്തത മൂലം ഏറെ പ്രതിസന്ധി നേരിട്ടിരുന്നു. സ്വകാര്യ വാഹനങ്ങൾ പിടിച്ച് കൊവിഡ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരെ പരിശോധന കേന്ദ്രങ്ങളിലെത്തിച്ചതുമായി ബന്ധപ്പെട്ട് പഞ്ചായത്തുകൾ സാമ്പത്തിക ബാധ്യതയിലുമാണ്. ഇതോടെയാണ് കൊവിഡിനെ പ്രതിരോധിക്കാൻ വൈക്കം ടൗൺ റോട്ടറി ക്ലബ് മൂന്നുവാഹനങ്ങളുമായി രംഗത്തുവന്നത്. ഇന്നുമുതൽ മൂന്ന് മാസത്തേക്ക് റോട്ടറി ക്ലബ് ഏർപ്പെടുത്തിയ വാഹനങ്ങളുടെ സേവനം മൂന്നു പഞ്ചായത്തുകൾക്കും ലഭിക്കും. മറവൻതുരുത്തിൽ നടന്ന യോഗത്തിൽ വാഹനം മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഹരികുട്ടൻ ഏറ്റുവാങ്ങി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ റോട്ടറി അസി. ഗവർണർ ജോസഫ് ലൂക്കോസ് ഫ്‌ളാഗ് ഒഫ് നിർവഹിച്ചു. ഉദയനാപുരംപഞ്ചായത്ത് പ്രസിഡന്റ് ഡി.സുനിൽകുമാർ, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് ലത അശോകൻ, ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് ജോൺ ജോസഫ് ,സെക്രട്ടറി ജോണി ജോസഫ്, ചെയർമാൻ ബൈജു മാണി ഡയറക്ടർമാരായ അനിൽതോമസ്, പി.ജി.പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.