abvp

കട്ടപ്പന: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി. നടത്തിയ ഡി.ഇ.ഒ. ഓഫീസ് മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തി വീശി. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എസ്. ശ്രീഹരി(24), സംസ്ഥാന സമിതിയംഗം ശരത്(21), ജില്ലാ കമ്മിറ്റിയംഗം ഗൗതം കൃഷ്ണ(18), കട്ടപ്പന നഗർ ജോയിന്റ് സെക്രട്ടറി അക്ഷയ്(20), നഗർ കമ്മിറ്റിയംഗം രാഹുൽ(22), എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇന്നലെ രാവിലെ 11.30 ഓടെ പ്രകടനമായി എത്തിയ പ്രവർത്തകർ മിനി സിവിൽ സ്റ്റേഷനിലെ ഓഫീസിലേക്കു തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. തുടർന്ന് ഓഫീസിനു മുമ്പിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. ഇതിനിടെ വീണ്ടും തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. തുടർന്നാണ് ലാത്തി വീശുകയായിരുന്നു. എസ്.ഐ. സന്തോഷ് സജീവിന്റെ നേതൃത്വത്തിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി.