padayani-valyannam-file-p

ചങ്ങനാശേരി: ആർപ്പുവിളികളുടേയും ആരവങ്ങളുടേയും നിലയ്ക്കാത്ത ഘോഷങ്ങൾക്കിടയിൽ, നിറപ്പകിട്ടുകളുടെ നിറഘോഷമായി മാറേണ്ട പൂരരാവ് ഇത്തവണ നീലംപേരൂരിന് അന്യം.
നീലംപേരൂർ പൂരം പടയണി ചടങ്ങുകളിൽ മാത്രമായി ഒതുങ്ങും. തിരുവോണ പിറ്റേന്ന് അവിട്ടം നാൾമുതൽ തുടങ്ങുന്ന ആഘോഷമാണ് പൂരം നാളിൽ വല്യന്നങ്ങളുടെ അകമ്പടിയോടെ പൂരം പടയണിയ്ക്ക് ഭക്തി സാന്ദ്രമായ സമാപനമാവുന്നത്.

കല്യാണ സൗഗന്ധികം തേടിയ ഭീമസേനൻ ഗന്ധമാതനഗിരി പർവത താഴ്‌വരയിലെ മാനസ സരോവരത്തിൽ അരയന്നങ്ങൾ പറക്കുന്നത് കണ്ടതിന്റെ ദൃശ്യാവിഷ്‌കാരമാണ് നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ അവസാന ദിവസമായ പൂരം പടയണി.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദേവസ്വം ബോർഡ് നിശ്ചയിച്ചിരുന്ന ആളുകൾക്ക് മാത്രമാണ് ചടങ്ങിൽ പ്രവേശനം ഈ വർഷം ഉണ്ടായിരുന്നത്. ചൂട്ടിന്റെ പൊൻപ്രഭയിൽ പുത്തൻ അന്നങ്ങളുടെയും ചെറിയ അന്നങ്ങളുടെയും തിരുനട സമർപ്പണവും ഇടത്തരം അന്നങ്ങളുടേയും വലിയഅന്നത്തിന്റെയും എഴുന്നള്ളത്തുമായിരുന്നു പ്രധാന ചടങ്ങുകൾ.

അന്നങ്ങളോടൊപ്പം പുലിവാഹനൻ, നാഗയക്ഷി,ഭീമൻ,ഹനുമാൻ,നരസിംഹം, ആന,അമ്പലകോട്ട, വേലയന്നം എന്നിവയും പടയണിക്കളത്തുമായിരുന്നു. മൂന്ന് പ്രാവശ്യം ദേവിയെ തൊഴുതിട്ട് കിഴക്കേ ആലിൻ ചുവട്ടിലേക്ക് വല്യന്നങ്ങൾ നീങ്ങുന്നതോടെ പടയണി കളത്തിൽ പനയോലയുമായി ഭക്തർ ഉറഞ്ഞുതുള്ളും. ഇതിന് ശേഷം കോലങ്ങളും സിംഹവാഹനവും പൊയ്യാനയും പടയണി കളത്തിലേക്ക് എഴുന്നള്ളും. എഴുന്നുള്ളത്തുകൾക്ക് ശേഷം അരിയും തിരിയും വെയ്പ് എന്ന ഗുരുതി ചടങ്ങും നടക്കുമായിരുന്നു. ഇതൊക്കെയും ഈ വർഷം പുര പ്രേമികൾക്ക് നഷ്ടമാവും.

അത്യപൂർവമായ കെട്ടുകാഴ്ച

ആലപ്പുഴ ജില്ലയുടെ കിഴക്കേ അതിരിൽ കോട്ടയം ജില്ലയോട് ചേർന്ന ചെറിയൊരു ഗ്രാമമാണ് നീലംപേരൂർ. ഇവിടെയുള്ള നീലം പേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരംപടയണിയുടെ ഭാഗമായി അത്യപൂർവമായ ശില്പവടിവിൽ ദേശവാസികൾ ഒരുക്കുന്ന കെട്ടുകാഴ്ചയാണ് നീലംപേരൂർ അന്നം. രാപകലുകൾ മറന്നാണ് വാഴപ്പോള, താമരയില, തെച്ചിപ്പൂവ് എന്നിവ ഉപയോഗിച്ച് മരച്ചട്ടങ്ങളിൽ പച്ചീർക്കിലുകൊണ്ട് കുത്തിയുടക്കി സ്വർഗലോകപ്പക്ഷിയായ അന്നങ്ങളെ കെട്ടിയൊരുക്കുന്നത്.