തൊടുപുഴ: എൽ.ഡി.എഫ് സർക്കാരിന്റെ അഞ്ചാമത് പട്ടയമേളയിലൂടെ 1064 കുടുംബങ്ങൾക്ക് കൂടി ഭൂമിക്ക് മേലുള്ള അവകാശം ലഭിച്ചു. തൊടുപുഴ ടൗൺഹാളിൽ നടന്ന പട്ടയമേള റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഈ സർക്കാരിന്റെ കാലാവധി തീരും മുമ്പ് 20,000 പട്ടയങ്ങൾ കൂടി ജില്ലയിൽ വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബർ അവസാനത്തോടെ രണ്ടായിരം പേർക്ക് കൂടി പട്ടയം നൽകും. അഞ്ച് പട്ടയമേളകളിലായി ഇതുവരെ മുപ്പതിനായിരത്തോളം പട്ടയങ്ങൾ സർക്കാർ ജില്ലയിൽ വിതരണം ചെയ്തിട്ടുണ്ട്. ഇതിലൂടെ ഒന്നര ലക്ഷം മനുഷ്യരുടെയെങ്കിലും ജീവിത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചു. 1977 ജനുവരി ഒന്നിന് മുമ്പുള്ള മുഴുവൻ കുടിയേറ്റ കർഷകർക്കും പട്ടയം നൽകാനാണ് സർക്കാരിന്റെ തീരുമാനം. എന്നാൽ, റവന്യൂ- വനം വകുപ്പുകളുടെ സംയുക്ത പരിശോധനാ ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക് പട്ടയം ലഭിക്കുന്നതിൽ തടസമുണ്ടായി. നിയമത്തിന്റെ നൂലാമാലകൾ പരിശോധിച്ച് അവരിൽ കുറേയാളുകൾക്ക് ഇത്തവണ പട്ടയം നൽകി. 50 വർഷമായി പരിഹരിക്കപ്പെടാത്ത ഭൂപ്രശ്‌നങ്ങൾ പരിഹരിച്ച സർക്കാരാണിതെന്ന് സമരം നടത്തുന്നവർ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എം.എം. മണി അദ്ധ്യക്ഷനായിരുന്നു. ജില്ലയിൽ അർഹതയുള്ള എല്ലാവർക്കും പട്ടയം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പട്ടയത്തിന്റെ കാര്യത്തിൽ മുൻ സർക്കാരുകൾ നിബന്ധനകൾ വച്ചിരുന്നു. ഈ സർക്കാർ അതെല്ലാം ഒഴിവാക്കി. പട്ടയം സംബന്ധിച്ചുള്ള വ്യാജ പ്രചാരണങ്ങൾ ജനം തള്ളുമെന്നും മന്ത്രി പറഞ്ഞു. എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, ഇ.എസ്. ബിജിമോൾ, ജില്ലാ കളക്ടർ എച്ച്. ദിനേശൻ, എ.ഡി.എം ആന്റണി സ്‌കറിയ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവാരാമൻ, എൻ.സി.പി ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ, ജനതാദൾ- എസ് ജില്ലാ പ്രസിഡന്റ് എം.കെ. ജോസഫ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഉദ്ഘാടനമെന്ന നിലയിൽ വില്ലേജുകളിലെ 20 പേർക്കും മുനിസിപ്പൽ അതിർത്തിയിലെ 39 പേർക്കും പട്ടയം വിതരണം ചെയ്തു.