കാഞ്ഞിരപ്പള്ളി: റബർതോട്ടങ്ങൾ വഴിമാറി. എലിക്കുളത്തെ പാടങ്ങൾ വീണ്ടും കതിരണിയുന്നു. രണ്ട് ഹെക്ടറിൽ തുടങ്ങിയ നെൽകൃഷി പതിനഞ്ച് ഹെക്ടറിൽ എത്തിയതോടെ സർക്കാരും കൃഷിഭവനും സഹായത്തിനെത്തി. പാടത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഒരു കൂട്ടം കർഷകർ. കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തിൽ ഇടവിളകളായി ചോളവും കടുകും പയറും കർഷകർ നട്ടു. അടുത്ത വിളവെടുപ്പിന് കാപ്പുകയം പാടശേഖരവും തയാറായിക്കഴിഞ്ഞു. പഞ്ചായത്ത്, എലിക്കുളം കൃഷിഭവൻ, കാപ്പുകയം പാടശേഖര സമിതി, പൊന്നൊഴുകും തോട് ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നെൽകൃഷി വ്യാപകമാക്കാൻ പദ്ധതി രൂപം നൽകിയിരിക്കുന്നത്.
പൊന്നൊഴുകും തോടിൽ വെള്ളമൊഴുകി
പൊന്നൊഴുകും തോടിന്റെ വീതിയും ആഴവും വർദ്ധിപ്പിക്കുവാനായി പൊന്നൊഴുകും തോട് ഡെവലപ്മെന്റ് സൊസൈറ്റിയും രംഗത്ത് വന്നതോടെ പാടത്ത് വെള്ളം സുലഭമായി. എലിക്കുളം പഞ്ചായത്തിൽ വിളഞ്ഞ നെല്ല് ഉപയോഗിച്ച് 'എലിക്കുളം റൈസും' വിപണിയിലിറക്കിയിട്ടുണ്ട്.
റബറിന് വില കൂടിയപ്പോഴാണ് എലിക്കുളത്തുനിന്നും നെൽകൃഷി അന്യമായത്. തുടർന്ന് പാടങ്ങൾ നികത്തി റബർതൈ നട്ടു. കപ്പയും വാഴയും തെങ്ങും നിറഞ്ഞിരുന്ന പാടങ്ങളിൽ ഇതോടെ റബർ തൈകൾ വളർന്നുതുടങ്ങി. ഇത് തോട്ടങ്ങളായി മാറാൻ അഞ്ചോ ആറോ വർഷമേ എടുത്തുള്ളു. റബർ ഫാക്ടറികളും റബർ കടകളും തുടങ്ങാൻ പിന്നെ അധികസമയം എടുത്തില്ല. എല്ലായിടവും റബർമയം.
റബർ വിലയിടിഞ്ഞതോടെ എലിക്കുളത്തുകാർ റബർ കൃഷിയിൽ നിന്നും പിന്മാറാൻ നിർബന്ധിതരായി. റബർ മരങ്ങൾ വെട്ടിമാറ്റി. വീണ്ടും വാഴയും കപ്പയും തെങ്ങും വച്ചുപിടിപ്പിച്ചു. മണ്ണിട്ട് പൊക്കിയ പാടത്ത് കർഷകർ നെൽവിത്ത് എറിഞ്ഞു. നൂറും നൂറ്റമ്പതും മേനി വിളഞ്ഞതോടെ നെൽകൃഷിതന്നെ ലാഭം എന്ന് മനസിലാക്കി. കാരക്കുളം എന്ന കൊച്ചുഗ്രാമത്തിലാണ് നെൽകൃഷി വ്യാപകമായത്. ഇതോടെ കാരക്കുളത്തെ കാപ്പുകയം പാടശേഖര കമ്മിറ്റിയും നിലവിൽ വന്നു.
എലിക്കുളം പഞ്ചായത്ത് പരിധിയിൽ നെൽകൃഷി നടത്തുവാൻ താല്പര്യമുള്ള കൃഷിക്കാർക്ക് സൗജന്യമായി ഉമ ഇനത്തിൽപ്പെട്ട നെൽവിത്തുകൾ വിതരണം ചെയ്തു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലദേവിയാണ് നെൽവിത്ത് വിതരണം ഉദ്ഘാടനം ചെയ്തത്. കാപ്പുകയം പാടശേഖര സമിതി പ്രസിഡന്റ് ജോസ് ടോം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ മാത്യൂസ് പെരുമനങ്ങാട്, എലിക്കുളം കൃഷി ആഫീസർ നിസ്സ ലത്തീഫ്, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ.അലക്സ് റോയി, പാടശേഖര സമിതി സെക്രട്ടറി ജസ്റ്റിൻ മണ്ഡപം, പൊന്നൊഴുകും തോട് ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് മാത്യു കോക്കാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.