butterfly

കോട്ടയം: മുറ്റത്തും തൊടിയിലും പാറിനടന്നിരുന്ന വർണ്ണശലഭങ്ങളെ ഇപ്പോൾ കാണാനേയില്ല. പ്രകൃതിയുടെ ആവാസവ്യവസ്ഥയിൽ വന്ന മാറ്റമാണ് ചിത്രശലഭങ്ങളുടെ എണ്ണം ഗണ്യമായി കുറയുന്നതിന് കാരണമെന്ന് കണ്ട് കണക്കെടുക്കാൻ ഒരുങ്ങുകയാണ് പരിസ്ഥിതി സംഘടനകൾ. ഇന്ത്യയിലൊട്ടാകെ ചിത്രശലഭങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചുകഴിഞ്ഞു. കേരളത്തിൽ കോട്ടയം നാച്വറൽ സൊസൈറ്റി, യംഗ് നാച്വറിസ്റ്റ് കേരള, കാസർകോട് ബേഡേഴ്സ്, പയ്യന്നൂർ കോളേജ് സുവോളജിക്കൽ ക്ലബ്, വാബ്രേഴ്സ് ആൻഡ് ബേഡേഴ്സ്, ഐ നാച്വറലിസ്റ്റ് കേരള, ആലപ്പുഴ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി, ഗുഡ് എർത്ത് ഓർഗനൈസേഷൻ തുടങ്ങിയ കൂട്ടായ്മകളും കണക്കെടുപ്പിൽ പങ്കുചേരും. ചിത്രശലഭങ്ങളെ സംരക്ഷണത്തിനായി കോട്ടയം കളക്ടറേറ്റിനു മുമ്പിലെ പൂന്തോട്ടത്തിൽ പ്രത്യേക ആവാസകേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.

ആവാസ വ്യവസ്ഥയിൽ നിർണായകമായ പങ്ക് വഹിക്കുന്ന ചിത്രശലഭങ്ങൾക്കായി സെപ്തംബർ മാസം മാറ്റിവയ്ക്കാൻ രാജ്യത്തെ പരിസ്ഥിതി പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്. ചിത്രശലഭങ്ങളും പ്രകൃതിയും തമ്മിലെ അഭേദ്യബന്ധം കണക്കിലെടുത്ത് രാജ്യത്തെ ഒരു കൂട്ടം പരിസ്ഥിതി സംഘടനകളും പൂമ്പാറ്റ പ്രേമികളും ഗവേഷകരുമാണ് രംഗത്തെത്തിയിട്ടുള്ളത്. ഇതിൽ പൊതുജനങ്ങളെയും പങ്കാളികളാക്കിയിട്ടുണ്ട്. മുംബൈ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി, നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസ് തുടങ്ങി ഇന്ത്യയിലെ 50ലധികം പരിസ്ഥിതി സംഘടനകളും അഞ്ച് സർവകലാശാലകളും കണക്കെടുപ്പിൽ പങ്കാളികളാവും. രാജ്യവ്യാപകമായി ചിത്രശലഭ കണക്കെടുപ്പ്, ഓൺ ലൈൻ വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, ചിത്രശലഭ ഫോട്ടോഗ്രാഫി തുടങ്ങിയവ സംഘടിപ്പിക്കും.

ലക്ഷ്യം

ശേഖരിക്കുന്ന വിവരങ്ങൾ ഓപ്പൺ ഡേറ്റ ശ്യംഖലകളിൽ പങ്കുവയ്ക്കുക

കൂടുതൽ ആളുകളെ പ്രകൃതി നിരീക്ഷണത്തിൽ പങ്കാളികളാക്കുക

ആവാസ വ്യവസ്ഥ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങൾക്ക് ബോദ്ധ്യമാക്കി കൊടുക്കുക