2011 ലാണ് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കാൻ രംഗത്തിറങ്ങുന്നത്. അന്ന് കൃത്യമായി പറയാൻ ശ്രമിച്ചത് രാഷ്‌ട്രീയം തന്നെയായിരുന്നു. വർഷങ്ങളോളം ജനാധിപത്യത്തിൽ ഒരാൾ തന്നെ മണ്ഡലത്തെ പ്രതിനിധീകരിക്കുക എന്നതു തന്നെ ഒരു ആത്ഭുതമാണ്. തികച്ചും വ്യക്ത്യധിഷ്‌ഠിതമാണ് ഉമ്മൻചാണ്ടിയുടെ തിരഞ്ഞെടുപ്പുകൾ. രാഷ്ട്രീയം പറയുന്നതിന് അപ്പുറം വ്യക്തിയിലേക്ക് ചുരുങ്ങുകയായിരുന്നു പുതുപ്പള്ളി. ഇവിടെയാണ് ഞങ്ങൾ രാഷ്‌ട്രീയവുമായി രംഗത്തെത്തിയത്. പുതുപ്പള്ളി മണ്ഡലത്തിലെ വികസനത്തിന്റെ രാഷ്‌ട്രീയം ചർച്ചയാക്കാനായിരുന്നു ഞങ്ങൾ ശ്രമിച്ചിരുന്നത്. പക്ഷേ, വ്യക്ത്യധിഷ്‌ഠിതമായ തിരഞ്ഞെടുപ്പിലേക്കു തന്നെയാണ് ഉമ്മൻചാണ്ടി ഇതിനെ എത്തിച്ചത്. എതിരാളി ദുർബലയാണ് എന്ന പരിഹാസമാണ് ആദ്യ ഘട്ടത്തിൽ ഉയർന്നത്. എന്നാൽ, പ്രചാരണത്തിന്റെ ഘട്ടത്തിൽ കഠിനാധ്വാനം കൊണ്ട് ഈ പരിഹാസത്തെ മറികടക്കാൻ സാധിച്ചു. തിരഞ്ഞെടുപ്പിന്റെ രാഷ്‌ട്രീയത്തിൽ വലിയൊരു അനുഭവമാണ് സമ്മാനിച്ചത്. രാഷ്‌ട്രീയം വ്യക്തിപരമാകരുത് എന്നാണ് ചട്ടമെങ്കിലും, അത് തികച്ചും വ്യക്തിപരമാക്കി എന്നതാണ് ഉമ്മൻചാണ്ടി എന്ന നേതാവിന്റെ നേട്ടവും കോട്ടവും. പുതുപ്പള്ളി എന്നത് സ്വന്തം കേന്ദ്രമാക്കി അദ്ദേഹം മാറ്റി.
സുജ സൂസൻ ജോർജ്
2011 ലെ ഇടത് സ്ഥാനാർത്ഥി