കോട്ടയം: കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നട്ടെല്ലൊടിക്കുന്നു. സർക്കാർ വാഗ്ദാനം ചെയ്ത പണം നൽകാതായതോടെ ഇപ്പോൾ ട്രീറ്റ്മെന്റ് സെന്ററും ക്വാറന്റൈൻ കേന്ദ്രത്തിന്റെയുമൊക്കെ നടത്തിപ്പ് ബാദ്ധ്യത തദ്ദേശ സ്ഥാപനങ്ങളുടെ ചുമലിലാണ്.
100 കിടക്കകളുള്ള ട്രീറ്റ്മെന്റ് സെന്ററുകൾക്ക് മുൻകൂറായി 25 ലക്ഷം രൂപ നൽകുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ ജില്ലയിലെ ഭൂരിഭാഗം ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾക്കും ഒരു രൂപ പോലും ലഭിച്ചിട്ടില്ല. കോട്ടയം നഗരസഭയ്ക്കു കീഴിൽ രണ്ടു സി.എഫ്.എൽ.ടി.സികളാണ് പ്രവർത്തിക്കുന്നത്. ഇതിനു പുറമേ ക്വാറന്റൈൻ കേന്ദ്രങ്ങളുമുണ്ട്. ഇവിടങ്ങളിലേക്ക് ഒരു രൂപ പോലും അനുവദിച്ചിട്ടില്ല.
ചെലവ് അരലക്ഷം രൂപ വരെ
ഒരു ദിവസം അരലക്ഷം രൂപ വീതമുണ്ട് ചെലവ്. ഇപ്പോൾ,സ്‌പോൺസർഷിപ്പായും തനതു ഫണ്ടിൽ നിന്നുമുള്ള തുകയാണു വിനിയോഗിക്കുന്നത്. സൗകര്യങ്ങളിൽ വീഴ്ച വരുത്തുന്നത് പരാതിക്ക് ഇടയാക്കുമെന്നതിനാൽ എങ്ങനെയും പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ. തിരഞ്ഞെടുപ്പ് അടുത്തതിനാൽ ജനവികാരം എതിരാകുമെന്ന ഭയവുമുണ്ട് ഇവർക്കെല്ലാം. ഭക്ഷണത്തിന് പുറമേ ക്ളീനിംഗ് വിഭാഗം ജോലിക്കാരുടെ കൂലിയും തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തണം.
''മൂന്നു നേരം ഭക്ഷണത്തിനായി 60 രൂപ അനുവദിക്കാമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, 150 രൂപ വരെ ചെലവാകുന്നുണ്ട്. ക്ളീനിംഗ് വിഭാഗം ജോലിക്കാർ, ഭക്ഷണമുണ്ടാക്കുന്നവർ എന്നിങ്ങനെയായി നല്ലൊരു തുക കൂലിയായും നൽകണം''
ടോണി എബ്രഹാം, അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ്