ഉദയനാപുരം: ഇനി ഞങ്ങൾ എന്തുചെയ്യും? ഞങ്ങളുടെ അധ്വാനമാണ് നശിച്ചുകിടക്കുന്നത്. പക്ഷേ ദുരിതത്തിലും ആശ്വാസമാകേണ്ടവർ കൂടി കൈവിട്ടാൽ! കർഷകരുടെ വാക്കുകളിൽ ഒരേസമയം അമർഷവും സങ്കടവും നിറയുകയാണ്. കാറ്റിലും മഴയിലും കൃഷി നാശം സംഭവിച്ച കൃഷിയിടത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി നഷ്ടപരിഹാരം ലഭ്യമാക്കാൻ കൃഷി വകുപ്പ് അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് ഉദയനാപുരം പഞ്ചായത്തിലെ ഏത്തവാഴകർഷകരുടെ പരാതി. ഏത്തവാഴ കൃഷിക്ക് കനത്ത നാശം നേരിട്ട ഉദയനാപുരം പഞ്ചായത്തിലെ പടിഞ്ഞാറെക്കര പ്രദേശത്തെ വാഴകർഷകരാണ് അധികൃതരുടെ അവഗണനയിൽ പ്രതിഷേധവുമായി രംഗത്തുവന്നത്. കനത്ത മഴയെത്തുടർന്ന് മൂവാറ്റുപുഴയാറും നാട്ടുതോടുകളും കരകവിഞ്ഞു വെള്ളമെത്തി കൃഷിയിടങ്ങൾ മുങ്ങുകയായിരുന്നു. ശക്തമായ കാറ്റിൽ വാഴകൾ കടപുഴകി വീണു. വാഴതോപ്പിൽ ദിവസങ്ങളോളം വെള്ളം കെട്ടി നിന്നതോടെ പാതി മൂപ്പെത്തിയ കുലകളുമായി നിന്ന വാഴകൾ ഭൂരിഭാഗവുംചീഞ്ഞു നശിച്ചു.കഴിഞ്ഞ വർഷങ്ങളിലെ വെള്ളപ്പൊക്കങ്ങളിൽ കൃഷി നശിച്ചു കടക്കെണിയിലായ കർഷകർ ഓണവിപണി ലക്ഷ്യമിട്ടു വീണ്ടും കൃഷിയിറക്കുകയായിരുന്നു.ഇക്കുറി മികച്ച വിളവ് ലഭിക്കുന്ന പ്രതീക്ഷയിലായിരുന്ന കർഷകർക്ക് കാലവർഷം കനത്ത പ്രഹരമേൽപിക്കുകയായിരുന്നു.

പരാതി നൽകി,പക്ഷേ

കൃഷി നാശത്തെ തുടർന്ന് കർഷകർ രേഖാമൂലം കൃഷിഭവനിൽ അപേക്ഷ നൽകിയിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നാണ് കർഷകർ കുറ്റപ്പെടുത്തുന്നു.പതിവായി കൃഷി നാശം നേരിട്ടു വൻ കടബാധ്യതയിലായിട്ടും കൃഷി വകുപ്പ് അധികൃതർ അവഗണന കാട്ടുന്നതിനാൽ കൃഷിയിൽ നിന്ന് പിന്മാറാൻ നിർബന്ധിതനാകുകയാണെന്ന് കർഷകനായ പടിഞ്ഞാറെക്കര കൊച്ചുകാക്കോലിൽ പാർഥൻ പറയുന്നു.15 വർഷമായി ഏത്തവാഴകൃഷി ചെയ്യുന്ന പാർഥൻ രണ്ടര ഏക്കറിലാണ് വാഴകൃഷി നടത്തിയിരുന്നത്.കടപുഴകി വീണ വാഴകളിലെ പാതി മൂപ്പെത്തിയ വാഴക്കുലകൾ കൃഷിയിടത്തിൽ കിടന്ന് നശിക്കുകയാണ്.