ear

കോട്ടയം: ജില്ലയിൽ പ്രസവ ചികിത്സയുള്ള സ്വകാര്യ ആശുപത്രികളിലും ഇനി മുതൽ നവജാത ശിശുക്കളെ 48 മണിക്കൂറിനുള്ളിൽ കേൾവി പരിശോധനയ്ക്ക് വിധേയരാക്കും. ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സിന്റെ സഹകരണത്തോടെയാണ് ഇതിന് സംവിധാനം ഒരുക്കിയത്.

മെഡിക്കൽ കോളേജ് ഉൾപ്പെടെ ജില്ലയിലെ പ്രസവ ചികിത്സയുള്ള ആറ് സർക്കാർ ആശുപത്രികളിലും 2018 ജൂൺ മുതൽ കുഞ്ഞുങ്ങൾക്ക് കേൾവി പരിശോധന നടത്തുന്നുണ്ട്. പുതിയ ക്രമീകരണം നിലവിൽ വന്നതോടെ കോട്ടയം സമ്പൂർണ ശ്രവണസൗഹൃദ ജില്ലയായി. ഇതു സംബന്ധിച്ച പ്രഖ്യാപനം ജില്ലാ കളക്ടർ എം. അഞ്ജന നിർവഹിച്ചു.

കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.എൻ. വിദ്യാധരൻ, ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ് സംസ്ഥാന സെക്രട്ടറി ഡോ. ബാലചന്ദ്രൻ, ജില്ലാ പ്രസിഡന്റ് ഡോ. സുനു ജോൺ, ജില്ലാ കോ-ഒാർഡിനേറ്റർ ഡോ. ജി. ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.

2 വർഷത്തിനിടെ

688 കുട്ടികളിൽ

ശ്രവണ വൈകല്യം

ഓട്ടോ അക്കൗസ്റ്റിക് എമിഷൻ

ശ്രവണ വൈകല്യം നേരത്തെ കണ്ടെത്താനായാൽ ഏകദേശം മുപ്പതിനായിരം രൂപ ചെലവു വരുന്ന ചികിത്സയിലൂടെ ഭേദമാക്കാനാകും. ഈ വൈകല്യം മൂലമുണ്ടാകുന്ന വളർച്ചാ മുരടിപ്പ് തടയാനും കഴിയും. ശ്രവണ വൈകല്യം കണ്ടെത്തുന്നത് രണ്ടു വയസിനു ശേഷമാണെങ്കിൽ ചികിത്സാ ചെലവ് രണ്ടു ലക്ഷം രൂപയിലേറെയാകും. ഓട്ടോ അക്കൗസ്റ്റിക് എമിഷൻ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ ചെവിയിൽ കേൾപ്പിക്കുന്ന ശബ്ദം തലച്ചോറിൽ സൃഷ്ടിക്കുന്ന പ്രതികരണം വിലയിരുത്തിയാണ് ജന്മനാ കേൾവി തകരാർ കണ്ടു പിടിക്കുന്നത്. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ 688 കുട്ടികളിൽ ശ്രവണ വൈകല്യം കണ്ടെത്തി ചികിത്സ നൽകിയിട്ടുണ്ട്.