പാലാ: കടപ്പാട്ടൂർ അങ്കണവാടി മന്ദിരത്തിന്റെ ശേഷിക്കുന്ന ജോലികൾ കൂടി ഉടൻ നടത്തുമെന്ന് ഇന്നലെ സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥ സംഘം അറിയിച്ചു.
ഉദ്ഘാടനം നടത്തി ഒന്നര മാസത്തിനിടെ മന്ദിരം ചോർന്നൊലിക്കുകയും മന്ദിരത്തിന് ഫിറ്റ്‌നസ് ഇല്ലാതെ പ്രവർത്തിക്കുകയും ചെയ്ത വിവരം ' കേരളകൗമുദി ' റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ളാലം ബ്ലോക്കിലെ ബി.ഡി.ഒ. ഷെറീഫ്. എം. ഉമ്മറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇന്നലെ അങ്കണവാടിയിലെത്തിയത്.
തിങ്കളാഴ്ച, മന്ദിരത്തിനു മുകളിൽ അടിയന്തിരമായി പാരപ്പറ്റ് കെട്ടിയിരുന്നു. ഇതുകൊണ്ട് ചോർച്ച തടയനാകുമോ എന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പാരപ്പറ്റ് ഇല്ലാതിരുന്നതിനാൽ എയർഹോളിലൂടെ ഒലിച്ചിറങ്ങിയ വെള്ളമാണ് ക്ലാസ് മുറിയിലും അടുക്കളയിലും വീണതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അങ്കണവാടിയിൽ നിലവിൽ നിർമ്മിച്ച ബേബി ഫ്രണ്ട്‌ലി ടോയ്‌ലറ്റ് കെട്ടിടത്തിനു പുറകിലാണ്.ഇത് കുഞ്ഞുങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും. അതിനാൽ ഇതിനു പകരമായി മുമ്പിലേക്ക് മാറ്റി പുതിയൊരു ടോയ്‌ലറ്റ് കൂടി പണിയും. മുൻവശത്ത് ഷീറ്റിടും. ഭിത്തി ഇനിയും തേക്കാനുണ്ട്. മുറ്റത്ത് തറയോട് പതിപ്പിക്കുകയും പുതിയ ഗേറ്റ് സ്ഥാപിക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥ സംഘത്തലവൻ ളാലം ബി.ഡി.ഒ. ഷെറീഫ് എം. ഉമ്മർ പറഞ്ഞു.ബി.ഡി.ഒ. യോടൊപ്പം ബ്ലോക്ക് അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ എം. സുനിത, പഞ്ചായത്ത് അസി. എൻജിനീയർ ജി. ഗ്രീഷ്മ ,ഓവർസീയർ സജി, ഐ.സി. ഡി. എസ്. സൂപ്പർ വൈസർമാരായ ശ്രീകല, ശശികല എന്നിവരുമുണ്ടായിരുന്നു. കടപ്പാട്ടൂർ അങ്കണവാടി വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് സി. എസ്. സിജു കടപ്പാട്ടൂർ , പഞ്ചായത്തു മെമ്പർ എൻ. മായാദേവി എന്നിവരുമായി ഉദ്യോഗസ്ഥ സംഘം ചർച്ച നടത്തി. സാങ്കേതിക അനുമതി ഉടൻ നൽകുമെന്ന് ഉദ്യോഗസ്ഥർ പിന്നീട് അറിയിച്ചതായി സി. എസ്. സിജു പറഞ്ഞു. അങ്കണവാടി നിർമ്മാണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി സി. പി. എം. മുത്തോലി ലോക്കൽ കമ്മിറ്റിയംഗം പ്രദീപ് സലിം നൽകിയ പരാതിയിന്മേലുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
മൂന്ന് ലക്ഷത്തിന്റെ എസ്റ്റിമേറ്റ്
ശേഷിക്കുന്ന ജോലികൾക്കായി3 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. മുത്തോലി പഞ്ചായത്ത് ഇതിന് ഭരണാനുമതിയും നൽകിയിട്ടുണ്ട്.