#ലോകത്തിലെ വലിയ വെർച്വൽ റാലിയാകും.
#20ലക്ഷം പേർക്ക് കാണാൻ ഓൺലൈൻ സംവിധാനം .
കെ.എം. മാണിക്കു പിറകേ ഏറ്റവും കൂടുതൽ കാലം ഒരു നിയമസഭാ മണ്ഡലത്തിൽ നിന്നു തുടർച്ചയായി ജയിച്ച റെക്കാഡുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ സുവർണ്ണ ജൂബിലി ആഘോഷം കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് നാളെ വൈകിട്ട് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും . വൈകിട്ട് 5ന് കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധി സൂം ആപ്പിലൂടെ ഉദ്ഘാടനം ചെയ്യും. 'സുകൃതം, സുവർണം എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി ഒരു മാഹാസംഭവമായി കേരളജനതയ്ക്ക് സമർപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായിആഘോഷ പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അറിയിച്ചു. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെ തുടക്കമാണ് നാളെ ആരംഭിക്കുന്നത്. സാമൂഹ്യ, രാഷ്ട്രീയ, സാമുദായിക, ആദ്ധ്യാത്മിക മേഖലകളിലുള്ള 50 പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും. രാഹുൽ ഗാന്ധി, ഏ.കെ.ആൻറണി, കെ.സി.വേണുഗോപാൽ, മുകുൾ വാസ്‌നിക് തുടങ്ങിയവരും സൂം ആപ്പിലൂടെ ആശംസ നേരും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ് ഘടകകക്ഷി നേതാക്കൾ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ , സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ,ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ, എം.വി ശ്രേയാംസ് കുമാർ എം.പി അടക്കമുള്ളവരും നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. മമ്മൂട്ടി ,മോഹൻലാൽ ,മഞ്ചുവാര്യർ തുടങ്ങിയ താര നിരനിര ഓൺലൈനിൽ ആശംസകൾ നേരും. ലോകമെങ്ങുമുള്ള മുഴുവൻ മലയാളികൾക്കും കാണാൻ കഴിയുന്ന വിധത്തിൽ വെർച്വൽ പ്‌ളാറ്റ്‌ഫോമിൽ സംഘടിപ്പിക്കുന്ന ചടങ്ങ് 20 ലക്ഷത്തിൽപരം ആളുകൾക്ക് തത്സമയം കാണക്കത്തക്കവിധത്തിലുള്ള വിപുലമായ ഓൺലൈൻ സംവിധാനമാണ് സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഓരേസമയം ചടങ്ങ് വീക്ഷിക്കാൻ അവസരം ഒരുക്കുന്നുണ്ട്. ഇതോടെ ലോകമെങ്ങും ഏറ്റവും അധികം ആളുകൾ വീക്ഷിക്കുന്ന വെർച്വൽ റാലിയായി സുവർണജൂബിലി ആഘോഷ പരിപാടി മാറും. വൈകുന്നേരം 5-ന് ഉമ്മൻചാണ്ടിയുടെ ലൈഫ് സ്‌കെച്ച് അവതരണത്തോടെ തിരിതെളിയുന്ന ചടങ്ങിൽ കൊവിഡ് നിയന്ത്രണത്താൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പ്രവേശനം പ്രമുഖവ്യക്തിത്വങ്ങൾക്കൊപ്പം സംസ്ഥാനത്ത് ഏത് ഭാഗത്ത് നിന്നും ഓൺലൈനിൽ തത്സമയം പങ്കെടുക്കുന്നതിനും അവസരം ഒരുക്കുന്നുണ്ട്. 14 ജില്ലകളിലും വാർഡ് തലം മുതൽ പ്രവർത്തകർക്ക് ചടങ്ങ് വീക്ഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ലോകമെങ്ങുമുള്ള മലയാളികൾക്ക് പരിപാടി ആവർത്തിച്ചു കാണാൻ സൗകര്യമുണ്ടാകും. പുതുപ്പള്ളി മണ്ഡലത്തിൽ രാവിലെ 9 മുതൽ വിവിധ സ്ഥലങ്ങളിലായി പരിപാടികൾ ആരംഭിക്കും. നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നേരിട്ടെത്തി ഉമ്മൻചാണ്ടി സന്തോഷത്തിൽ പങ്കുചേരും.