news
സര്‍ക്കാര്‍ ഭൂമിയിലെ പാറപൊട്ടിക്കല്‍ സംബന്ധിച്ച് കേരള കൗമുദി നല്‍കിയ വാര്‍ത്ത.

കട്ടപ്പന: ഉരുൾപൊട്ടൽ സാദ്ധ്യത മേഖലയായ സർക്കാർ ഭൂമിയിൽ നിന്നു അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയ സംഭവത്തിൽ കരാറുകാരനെതിരെ കേസെടുത്തു. ഭൂസംരക്ഷണ നിയമപ്രകാരമാണ് കരാറുകാരൻ മുണ്ടനാനിക്കൽ ജോർജ് ജോസഫിനെതിരെ വാത്തിക്കുടി വില്ലേജ് ഓഫീസർ സജി മാത്യു കേസെടുത്തത്. ഈട്ടിത്തോപ്പ്ശാശേരിപ്പടിമൈലാടുംപാറ പടി റോഡിന്റെ അറ്റകുറ്റപ്പണിയുടെ മറവിൽ സർക്കാർ ഭൂമിയിൽ നിന്നാണ് ഇയാൾ ലോഡ് കണക്കിന് കല്ല് പൊട്ടിച്ചുകടത്തിയത്.
ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപെട്ട റോഡിന്റെ സംരക്ഷണ ഭിത്തി നിർമാണത്തിനാണ് കല്ല് പൊട്ടിക്കാൻ അനുവാദം നൽകിയത്. 40 ലോഡ് കല്ല് മാത്രമാണ് നിർമാണത്തിനു വേണ്ടിവരുന്നത്. ഇതിന്റെ മറവിൽ മൂന്നുമാസത്തിലധികമായി റോഡിനോടു ചേർന്ന് കംപ്രസർ, ബ്രേക്കർ എന്നിവ ഉപയോഗിച്ചും സ്‌ഫോടനം നടത്തിയും നിരവധി ലോഡ് കടത്തുകയായിരുന്നു. തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകിയശേഷം മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തും. അഞ്ച് മീറ്ററിലധികം വീതിയിലും ഏഴു മീറ്റർ ഉയരത്തിലും 50 മീറ്റർ നീളത്തിലും പാറ പൊട്ടിച്ചതായാണ് വില്ലേജ് ഓഫീസറുടെ കണ്ടെത്തൽ. . മൂന്നാഴ്ച മുമ്പ് വാത്തിക്കുടി വില്ലേജ് ഓഫീസർ സ്ഥലത്തെത്തി സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെങ്കിലും പാറ ഖനനം തുടരുകയായിരുന്നു.