post
കുന്നലിക്കൽ - വെള്ളിക്കര റോഡിന് നടുവിലായി തടസം നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ്

ചങ്ങനാശേരി: കുറിച്ചി കുന്നലിക്കൽ ജംഗ്ഷനിൽ റെയിൽവേ ബാരിക്കേഡുകൾ സ്ഥാപിച്ച് അടച്ച റോഡിന് ബദലായി നാട്ടുകാരുടെ കൂട്ടായ്മ പുതിയ റോഡ് വെട്ടി. പക്ഷേ, കുന്നലിക്കൽ-വെള്ളിക്കര റോഡിന് നടുവിൽ നിൽക്കുന്ന ഇലക്ട്രിക്ക് പോസ്റ്റ് കാരണം യാത്ര നടക്കില്ലെന്ന് മാത്രം! പോസ്റ്റ് അരികിലേക്ക് നീക്കി സ്ഥാപിക്കാൻ നാട്ടുകാർ അപേക്ഷ നൽകി. പലവട്ടം പഞ്ചായത്ത് ഓഫീസിലും വൈദ്യുതി വകുപ്പ് ഓഫീസിലും കയറിയിറങ്ങിയിട്ടും യാതൊരു ഫലവുമുണ്ടായില്ല.

കെ.എസ്.ഇ.ബി കനിയണം

റെയിൽവേ ബാരിക്കേഡ് വച്ച് വഴി അടച്ചതോടെ ജനം രംഗത്തിറങ്ങിയിരുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സമരം നടത്തിയെങ്കിലും ബാരിക്കേഡ് മാറ്റാൻ റെയിൽവേ തയാറായില്ല. തുടർന്നാണ് പുതിയ വഴിയെക്കുറിച്ച് നാട്ടുകാർ ചിന്തിച്ചത്. പ്രദേശവാസികൾ അവരുടെ സ്ഥലം സൗജന്യമായി വിട്ടുകൊടുത്ത് നാട്ടുകാർ തന്നെ വഴി വെട്ടുകയായിരുന്നു.

പക്ഷേ, റോഡിന് നടുവിലെ പോസ്റ്റാണ് ഇപ്പോൾ പ്രശ്‌നമായിരിക്കുന്നത്. റോഡ് വക്കിലേക്ക് ഈ ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിച്ചാൽ സഞ്ചാര സ്വാതന്ത്ര്യമുണ്ടാവും. പോസ്റ്റ് മാറ്റിയിടുവാനുള്ള തുകയും നാട്ടുകാർ സംഘടിപ്പിച്ചിട്ടുണ്ട്. വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന് കാട്ടി നാട്ടുകാർ കുറിച്ചി ഗ്രാമപഞ്ചായത്തിലും കുറിച്ചി ഇലക്ട്രിക്കൽ സബ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർക്കും അപേക്ഷ നൽകിയിട്ട് രണ്ടു മാസം കഴിഞ്ഞു. റോഡിന്റെ ഉടമസ്ഥാവകാശം പൂർണ്ണമായി പഞ്ചായത്തിന് കൈമാറിക്കൊണ്ടുള്ള രേഖകളും നാട്ടുകാർ അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.