കോട്ടയം: നെടുങ്കണ്ടം ഉരുട്ടിക്കൊലപാതക കേസിൽ മുൻ ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാലിനെതിരെ വീണ്ടും അന്വേഷണമുണ്ടാവും. ആഭ്യന്തര വകുപ്പ് തലത്തിൽ നേരത്തെ നടത്തിയ അന്വേഷണത്തിൽ വേണുഗോപാലിനെതിരെ സംസ്ഥാന പൊലീസ് മേധാവി അച്ചടക്ക നടപടികൾക്ക് ശിപാർശ ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഭാഗത്തുനിന്ന് ഭരണപരമായ വീഴ്ചയുണ്ടായതായി ആഭ്യന്തരവകുപ്പ് നട്ത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.എന്നാൽ ആരോപണങ്ങൾ വേണുഗോപാൽ നിഷേധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും അന്വേഷണം നടത്തി മുൻ എസ്.പിയുടെ വാദം ശരിയാണോയെന്ന് പരിശോധിക്കുക.
ചീഫ് സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാളാണ് അന്വേഷണ മേധാവി. ലാന്റ് റവന്യു കമ്മിഷണർ സി.എ ലതയും പരിശോധനാ സംഘത്തിലുണ്ട്. ഒരു മാസത്തിനകം റിപ്പോർട്ട് നല്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. സംഭവം നടക്കുമ്പോൾ ഇടുക്കി ജില്ലാ പൊലീസ് മേധാവിയായിരുന്നു കെ.ബി വേണുഗോപാൽ. സി.ബി.ഐ ഈ കേസ് ഇപ്പോൾ അന്വേഷിച്ചുവരികയാണ്. രണ്ട് ഡിവൈ.എസ്.പി മാരും അന്വേഷണം നേരിടുന്നുണ്ട്. ക്രൈംബ്രാഞ്ചും ഈ കേസ് അന്വേഷിച്ചിരുന്നു.
വേണുഗോപാലിനെതിരെ ആരോപണം ശക്തമായതോടെ എസ്.പിയെ ആസ്ഥാനത്തുനിന്നും ആഭ്യന്തരമന്ത്രാലയം മാറ്റിയിരുന്നു. കഴിഞ്ഞ വർഷം ജൂൺ 12 മുതൽ 16 വരെയുള്ള കാലയളവിലാണ് രാജ്കുമാർ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നത്. രാജ്കുമാർ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവിക്ക് കൃത്യമായി അറിവുണ്ടായിരുന്നുവെന്ന് ഡി.ഐ.ജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ രാജ്കുമാർ കസ്റ്റഡിയിലായ വിവരം അറിയില്ലെന്നായിരുന്നു മുൻ എസ്.പിയുടെ മറുപടി. സംഭവത്തെ തുടർന്ന് സസ്പെൻഷനിലായ അന്നത്തെ നെടുങ്കണ്ടം എസ്.ഐ ഇക്കാര്യങ്ങൾ ജില്ലാ മേധാവിയെ സമയാസമയം അറിയിച്ചിരുന്നതായി കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഓരോദിവസവും ഇക്കാര്യം ടെലിഫോണിലൂടെയും വാട്സ് ആപ്പ് മുഖേനയും അറിയിച്ചിരുന്നതിനും തെളിവുകളുണ്ട്. കൂടാതെ സ്പെഷ്യൽ ബ്രാഞ്ചും ഇക്കാര്യങ്ങൾ എസ്.പിയെ കൃത്യമായ ഇടവേളകളിൽ അറിയിച്ചിരുന്നുവെന്ന് ഡി.ഐ.ജി യുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.