കോട്ടയം: അരുന്ധതി റോയിയുടെ 'ദി ഗോഡ് ഓഫ് സ്മോൾ തിംഗ്സി'ലൂടെ ലോകപ്രശസ്തമായ അയ്മനം ഉത്തരവാദിത്വ ടൂറിസത്തിലൂടെ വീണ്ടും പ്രശസ്തമാവുന്നു. വിസ്മയ കാഴ്ചകൾ വിദേശീയർക്ക് കാഴ്ചവയ്ക്കാൻ ഒരുങ്ങുകയാണ് നാട്. പ്രത്യേകം ഏർപ്പാടാക്കുന്ന നാടൻ കലാരൂപങ്ങൾക്കും കളരിക്കും പുറമെ മലയാളക്കരയിൽ നിന്നും അന്യംനിന്നുപോയ ഓല മെടയുന്നതും കൈകൊണ്ട് കയർ പിരിക്കുന്നതും ടൂറിസ്റ്റുകൾക്ക് പരിചയപ്പെടുത്തും. ഉത്തരവാദിത്ത ടൂറിസഗ്രാമമാവുന്നതോടെ അയ്മനത്തെ സാധാരണക്കാർക്ക് കൂടുതൽ തൊഴിൽ ലഭിക്കും. ഇതോടെ വരുമാനം വർദ്ധിക്കും. അയ്മനം ഗ്രാമത്തിന്റെ കുതിപ്പിന് ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. അയ്മനം ഗ്രാമപഞ്ചായത്ത് ടൂറിസം മേഖലയിൽ നടത്തിയ ജനകീയ കൂട്ടായ്മയ്ക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചതോടെയാണ് മാതൃക ഉത്തരവാദിത്വ ഗ്രാമം എന്ന പദ്ധതിയിലൂടെ അയ്മനം ശ്രദ്ധേയമാവുന്നത്. സംസ്ഥാനത്ത് ഈ പദ്ധതി നടപ്പിലാക്കി വിജയിപ്പിച്ച ആദ്യ പഞ്ചായത്താണ് അയ്മനം.
താരമാകും ശിക്കാരവള്ളങ്ങൾ
കനാലുകൾ നിറഞ്ഞതാണ് അയ്മനം. ഈ കനാലുകളിലൂടെ ശിക്കാര വള്ളങ്ങൾ തുഴഞ്ഞെത്തുന്നതോടെ ഗ്രാമങ്ങൾ ഉണരും. ശിക്കാര വള്ളത്തിലൂടെ ആറ് കിലോമീറ്റർ നീളുന്ന യാത്രയാണ് വിഭാവനം ചെയ്തിട്ടുള്ളത്. വഴിനാളെ കാഴ്ചകൾ കണ്ട് കുളിർമയേകുന്ന ജലയാത്ര ആസ്വദിക്കാം.
കുമരകത്തുനിന്ന് ശിക്കാര വള്ളത്തിൽ കായൽവഴി ചീപ്പുങ്കലിൽ എത്തി കരീമഠം വഴി മീനച്ചിലാറിന്റെ കൈവഴിയിലെത്തും. പാടശേഖരത്തിലൂടെയുള്ള കാഴ്ച ടൂറിസ്റ്റുകൾക്ക് ഹരം പകരും. ഇതുവഴിയുള്ള യാത്രയിൽ പശുക്കളെയും ആടുകളെയും മത്സ്യം പിടിക്കുന്നവരെയും കാണാൻ സാധിക്കും. കൂടാതെ ഓലമെടയുന്നതും കയർപിരിക്കുന്നതും തോടിന്റെ ഓരങ്ങളിലെ വീടുകളുടെ മുറ്റത്ത് സ്ഥാനം പിടിക്കും. ഇതും കണ്ട് കല്ലുങ്കത്ര, പുലിക്കുട്ടിശേരി വഴി കുടമാളൂരിലെത്തും.
ഇവിടെ മനകൾ, പത്തമ്പലം, സർപ്പക്കാവ് എന്നിവ കാണാം. രണ്ട് പുരയിടങ്ങളിലായി 10 അമ്പലങ്ങളാണ് ഇവിടെയുള്ളത്. നാടൻ കലാരൂപങ്ങൾ, കളരി എന്നിവ ഇവിടെ ടൂറിസ്റ്റുകൾക്കായി ഒരുക്കും. ചരിത്രപ്രാധാന്യമുള്ള കുടമാളൂർ പള്ളി, വിശുദ്ധ അൽഫോൺസാമ്മ ജനിച്ച വീട് എന്നിവയും ദർശിക്കാനാവും.
കൂടുതൽ തൊഴിലവസരങ്ങൾ
ആയിരം പേർക്ക് തൊഴിൽ ലഭിക്കുന്നതോടെ അയ്മനം സമ്പുഷ്ടമാവും. വിനോദ സഞ്ചാര മേഖലയിൽ 14 യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ഭക്ഷണ ശാല മുതൽ മാലിന്യ നിർമ്മാർജ്ജനം വരെ ഇതിൽ ഉൾപ്പെടും. 615 പേർക്ക് ഇതിനോടകം പരിശീലനം നല്കിക്കഴിഞ്ഞു.
ഉത്തരവാദിത്ത ടൂറിസ മിഷനുമായി ബന്ധപ്പെട്ട് 118 സംരംഭങ്ങൾ പ്രവർത്തന സജ്ജമായിക്കഴിഞ്ഞു. 10 എണ്ണം പ്രവർത്തനം ആരംഭിച്ചു. പരിസ്ഥിതി സൗഹൃദ ടൂർ പാക്കേജുകൾ, വില്ലേജ് വാക്ക്, പാഡി ഫീൽഡ് വാക്ക് പദ്ധതികൾ, സൈക്കിൾ ടൂർ പാക്കേജുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഹൗസ് ബോട്ടുകൾ, ശിക്കാരകൾ , മോട്ടോർ ബോട്ടുകൾ എന്നിവയും അയ്മനത്തിലെ കനാലുകളിലൂടെ എത്തും.