.
അടിമാലി: അപ്പോൾ അവർ അവിടെ ഓടിയെത്തിയില്ലായിരുന്നെങ്കിൽ പൊലിയുന്നത് ഒരു കുഞ്ഞിന്റെ ജീവൻകൂടിയാകുമായിരുന്നു. മാങ്കുളം ചിക്കണാംകുടിയിൽ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തുകയും ഒപ്പം താമസിച്ച യുവതിയെ ആക്രമിച്ചു പരുക്കേൽപിക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ അത്യാഹിതങ്ങളാണ് മാങ്കുളം പൊലീസ് ഔട്ട് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ സമയോചിതമായ ഇടപെടലോടെ ഒഴിവായത്. ഒന്നര വയസുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായത് സംബന്ധിച്ച് ആരും ശ്രദ്ധിക്കാതെപോയ ആ ഇടപെടൽ പൊലീസിന്റെ ഔദ്യോഗിക സൈറ്റിൽ ഇടംപിടിച്ചപ്പോഴാണ് പലരും നടന്ന സംഭവങ്ങളുടെ ഗൗരവം ഉൾക്കൊണ്ടത്.പ്രതി ഇക്ബാൽ റിമാന്റിലാണ്. ഇക്ബാലിന്റെ സുഹൃത്ത് ലക്ഷമണൻ സംഭവസ്ഥലത്ത് വച്ച്തന്നെ മരണമടഞ്ഞിരുന്നു.ഇക്ബാലിനൊപ്പം താമസിച്ച്വന്നിരുന്ന ലഷീദ പരിക്കുകളോടെ ആശുപത്രിയിലാണ്.
. ഞായറാഴ്ച്ച ഉച്ചയോടെഇക്ബാൽ വർഷങ്ങളായി ഒപ്പം താമസിക്കുന്നലഷീദയെ വെട്ടാൻ പിന്നാലെ പായുന്നതായി വിവരം ലഭിച്ചതോടെ മൂന്നാർ പൊലീസ് സ്റ്റേഷന് കീഴിലുള്ള മാങ്കുളം പൊലീസ് ഔട്ട് പോസ്റ്റിൽ നിന്ന് ആദ്യം സംഭവസ്ഥലത്ത് എത്തിയതു പൊലീസ് ഡ്രൈവർ കെ.പി.ബിജുമോൻ, സിപിഒ ടി.ബി.അലിയാർ എന്നിവരാണ്. ഇവർ എത്തുമ്പോൾ അടുത്തേക്കു വന്നാൽ കുഞ്ഞിനെ നിലത്തടിച്ചു കൊലപ്പെടുത്തുമെന്ന് വാക്കത്തിയുമായി നിന്ന ഇക്ബാൽ ഭീഷണിപ്പെടുത്തി. സ്വന്തം കുഞ്ഞിനെ കൊല്ലുമെന്ന് പറയുന്ന ഇക്ബാലിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ, 'ഒരാളെ കൊന്നിട്ടുണ്ട്, അവിടെ നിന്ന് ഇപ്പോൾ നിലവിളി ഉയരും, രണ്ട്പേരെക്കൂടി കൊല്ലും' എന്നു പ്രതി വീണ്ടും ഭീഷണി മുഴക്കി. ഇതിനിടെ കുഞ്ഞിനെ കയ്യിൽ നിന്നു വാങ്ങാൻ ശ്രമിച്ചപ്പോൾ, കുഞ്ഞിനെ നിലത്ത് അടിച്ചു കൊല്ലും എന്നു പറഞ്ഞ് പൊലീസുകാരോടു തിരിച്ചുപോകാൻ പ്രതി ആവശ്യപ്പെട്ടു. എന്നാൽ മൽപ്പിടിത്തത്തിലൂടെ പ്രതിയെ കീഴ്‌പ്പെടുത്താൻ അലിയാർ ശ്രമിക്കുന്നതിനിടയിൽ പ്രതി കുഞ്ഞിനെ വലിച്ചെറിഞ്ഞു കാട്ടിലേക്ക് ഓടി. സാഹസികമായി ചാടി വീണു കുഞ്ഞു നിലത്തു വീഴുന്നതിനുമുൻപേ ബിജുമോൻ കുഞ്ഞിനെ കൈപ്പിടിയിലാക്കുകയായിരുന്നു. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന് പരിക്കേൽക്കാതിരുന്നതിനാൽ ഇത്തരമൊരു സാഹസികപ്രവർത്തി ആരും അറിഞ്ഞിരുന്നില്ല.ഇക്കാര്യങ്ങളാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ ഔദ്യോഗിക സൈറ്റിൽ വിശദമായി പ്രതിപാദിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്തത്.