migrents

കോട്ടയം: ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് നിർമാണ, ഉത്പ്പാദനമേഖലകൾ വീണ്ടും സജീവമായതോടെ അന്യ സംസ്ഥാന തൊഴിലാളികളെ കാത്തിരിക്കുകയാണ് ജില്ല. നിർമ്മാണമേഖലയിലടക്കം തൊഴിലാളി ക്ഷാമം രൂക്ഷമാണ്. തൊഴിലാളികൾ തിരിച്ചെത്തുന്നുണ്ടെങ്കിലും മടങ്ങിപ്പോക്കിന്റെയത്ര വേഗമില്ല. തൊഴിൽവകുപ്പിന്റെ കണക്കനുസരിച്ച് പോയതിന്റെ പകുതിപോലും തിരിച്ചെത്തിയിട്ടില്ല.

കൊവിഡിനെതുടർന്ന് നാട്ടിലേയ്ക്ക് മടങ്ങിയവരിൽ അസം, ഒറീസ, ബംഗാൾ, ബിഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ. ഇതിൽ വലിയൊരു ശതമാനവും തിരിച്ചെത്താൻ തയ്യാറാണെന്ന് കരാറുകാരെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ട്രെയിൻ സർവീസ് ഇല്ലാത്തതാണ് തടസം.

വിമാനത്തിലും എത്തിക്കുന്നു
ചിലയിടങ്ങളിൽ കരാറുകാരും കടയുടമകളുമൊക്കെ വിമാനങ്ങളിൽ തൊഴിലാളികളെ എത്തിക്കുന്നുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽപേർ എത്തുമെന്നും കരാറുകാർ പറയുന്നു. കരാർ കമ്പനികൾ തന്നെ ഇവർക്ക് ക്വാറന്റൈൻ സൗകര്യമൊരുക്കുന്നുണ്ട്. ഇതിനുപുറമേ, ചെറിയൊരുശതമാനം തൊഴിലാളികൾ സ്വന്തം നിലയിൽ വിമാനം പിടിക്കുന്നുണ്ട്. ഇങ്ങനെ എത്തുന്നവരെ കരാറുകൾ വിമാനത്താവളങ്ങളിൽനിന്ന് താമസസ്ഥലത്ത് എത്തിക്കും. ചിലർ കൂട്ടമായി റോഡുമാർഗം മറ്റുവാഹനങ്ങളിലും എത്തുന്നുണ്ട്.

 നുഴഞ്ഞു കയറ്റക്കാർ ഏറെ

അന്യ സംസ്ഥാന തൊഴിലാളികളെ കൊവിഡ് ജാഗ്രതാ സൈറ്റിൽ രജിസ്റ്റർ ചെയ്തശേഷമേ കൊണ്ടുവരാവൂവെന്നാണ് സർക്കാർ നിർദേശം. ഇവർക്ക് ക്വാറന്റൈനും നിർബന്ധമാണ്. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവർക്ക് ക്വാറന്റൈനിൽ കഴിയാൻ സൗകര്യമുണ്ടോയെന്ന് തൊഴിൽവകുപ്പ് പരിശോധിക്കും. തുടർന്നാണ് യാത്രാനുമതി നൽകുന്നത്. ഇത്തരത്തിൽ കൊവിഡ് ജാഗ്രതാ സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ കണക്കാണ് തൊഴിൽവകുപ്പിനുള്ളത്. എന്നാൽ, രജിസ്‌ട്രേഷനില്ലാതെ വിമാനത്തിലും ചരക്ക് ലോറികളിലും മറ്റും തൊഴിലാളികൾ എത്തുന്നതിനാൽ ഇവരുടെ വിശദാംശങ്ങൾ ആരോഗ്യപ്രവർത്തകർക്കോ തൊഴിൽവകുപ്പിനോ ലഭ്യമല്ല. ഇവർ ക്വാറന്റൈൻ നിർദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നതായും ജോലി ചെയ്യുന്നതായും ആക്ഷേപമുണ്ട്.

ജില്ലയിൽ നിന്ന്

മടങ്ങിപ്പോയത്

26,822

തൊഴിലാളികൾ