വൈക്കം : ടി.വി പുരം സരസ്വതി ക്ഷേത്രത്തിന് സമീപത്തെ പൊതുകുളം ശുചീകരിച്ച് സംരക്ഷണഭിത്തി കെട്ടി സൗന്ദര്യവത്കരിച്ചു. നബാഡിന്റെ സഹസ്ര സരോവരം പദ്ധതിയിൽപ്പെടുത്തി 42 ലക്ഷം രൂപ വിനിയോഗിച്ച് കെ.എൽ.ഡിസിയാണ് ഒരേക്കറോളം വിസ്തൃതിയുള്ള പൊതുകുളം ജനോപകാരപ്രദമാക്കിയത്.പ്രദേശവാസികൾ കുളിക്കുന്നതിനും മറ്റും ഉപയോഗിച്ചു വരുന്ന കുളത്തിൽ ഇനി നീന്തൽ പരിശീലനവും നടത്താനാകും. കുളത്തിനു സമീപം ടൈലുകൾ പാകി ഇരിപ്പിടങ്ങൾ ഒരുക്കി കൂടുതൽ കമനീയമാക്കുന്ന പദ്ധതിയും രണ്ടാം ഘട്ടമായി നടപ്പാക്കുമെന്ന്‌ സി.കെ.ആശ എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ടി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എൽ.ഡി.സി ചെയർമാൻ പി.വി.സത്യനേശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലീനമ്മ ഉദയകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി, പഞ്ചായത്ത് അംഗങ്ങളായ ബീന മോഹനൻ, കവിതാറെജി, രമശിവദാസ്, ഗീതാ ജോഷി, ഷീലസുരേശൻ, സന്ധ്യഅശോകൻ, ടി.വി പുരം സരസ്വതി ക്ഷേത്രോപദേശക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.