തലയോലപ്പറമ്പ് : കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള തലയോലപ്പറമ്പ് സാമൂഹ്യആരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരം ഇന്ന് മന്ത്രി കെ.കെ.ശൈലജ നാടിന് സമർപ്പിക്കും. കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി നടക്കുന്ന ചടങ്ങിൽ ഓൺലൈനിലൂടെ രാവിലെ 10.30 ന് മന്ത്രി പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പിന്നോക്കമേഖലയായ പ്രദേശത്തെ
ആരോഗ്യമേഖലയിൽ വികസനത്തിന്റെ മറ്റൊരു പൊൻതൂവൽ കൂടിയാണിത്. നബാർഡിന്റെ ഒരു കോടിയും ജില്ലാ പഞ്ചായത്തിന്റെ 18 ലക്ഷവും വിനിയോഗിച്ചാണ് മികച്ച സൗകര്യങ്ങളോടുകൂടിയുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തികരിച്ചത്.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള സാമൂഹ്യആരോഗ്യ കേന്ദ്രം 1951 ൽ ഡിസ്പൻസറിയായിട്ടാണ് പ്രവർത്തനം ആരംഭിക്കുന്നത്. 1963 ൽ പ്രാഥമികാരോഗ്യ കേന്ദ്രമായുയർത്തി. 2007 മുതൽ സാമൂഹ്യരോഗ്യ കേന്ദ്രമായി പ്രവർത്തിച്ച് വരികയാണ്. തലയോലപ്പറമ്പ്, വെള്ളൂർ, മറവൻതുരുത്ത്, കല്ലറ, ഉദയനാപുരം പഞ്ചായത്തുകളിൽ നിന്നായി നൂറ് കണക്കിനാളുകളാണ് ദിവസവും ആശുപത്രിയെ ആശ്രയിക്കുന്നത്. മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ 32 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.
പുതിയ മന്ദിരത്തിൽ
നാല് ഒ.പി കൗണ്ടറുകൾ
20 പേർക്ക് കിടത്തിചികിത്സ
കാത്തിരിപ്പു കേന്ദ്രം
നഴ്‌സിംഗ് സ്റ്റേഷൻ
ഇൻഞ്ചക്ഷൻ റൂം
ഫാർമസി, നിരീക്ഷണമുറി
ഡ്രെസിംഗ് റൂം
രോഗീസൗഹൃദം
രോഗി പരിചരണത്തോടൊപ്പം വിവിധ ടെസ്റ്റുകൾക്കുള്ള ലാബ് സൗകര്യം, നേത്ര പരിശോധന, പകർച്ചേതര വ്യാധി പരിശോധന, പ്രാഥമിക ദ്വിതീയ സ്വാന്തന പരിചരണം, ഗർഭിണികൾക്കും കുട്ടികൾക്കുള്ള പ്രതിരോധ ക്ലിനിക്കുകൾ എന്നിവയും ഇവിടെ നടപ്പാക്കിയിട്ടുണ്ട്.