chuvar-chithram

ചങ്ങനാശേരി: ഡിജിറ്റൽ സാങ്കേതികതയിലൂടെ വിശ്വകർമ്മദിനാചരണവും ചുവർചിത്ര നേത്രോന്മീലനവും ഇന്ന്. ചുവർചിത്രത്തിന്റെ നേത്രോന്മീലനം വി.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ടി.യു രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി എം.പി രാധാകൃഷ്ണൻ, ട്രഷറർ കെ.എ. ശിവൻ, വിശ്വകർമ്മ കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ് പി. നാരായണൻ, സെക്രട്ടറി അനിൽ ബാലകൃഷ്ണൻ എന്നിവർ ചേർന്ന് നിർവഹിക്കും. വി.എസ്.എസ്‌ കേരള എന്ന ഫേസ്ബുക്ക് പേജിലൂടെ ഉച്ചകഴിഞ്ഞ് മൂന്നിന് വിശ്വകർമ്മ വെർച്വൽ മഹാസംഗമം ടെലികാസ്റ്റ് ചെയ്യും.

വിശ്വകർമ്മയുടെ കേരളത്തിലെ ഏറ്റവും വലിയ ചുവർ ചിത്രം വരച്ചിരിക്കുന്നത് പെരുന്നയിലെ വിശ്വകർമ്മഭവനിലാണ്. 8 അടി നീളവും 6 അടി വീതിയുമുളള ചിത്രത്തിന് അക്രിലിക് പെയിന്റാണ് ഉപയോഗിച്ചിരിക്കുന്നത്. വിശ്വകർമ്മാവിനെ എല്ലാ ദേവീദേവൻമാരും വണങ്ങുന്ന ചിത്രമാണിത്. വിശ്വകർമ്മാവിന്റെ പുത്രന്മാരായ മനു, ജയൻ, ശില്പി, ത്വഷ്ടാവ്, വിശ്വജ്‌ന എന്നിവരെയും വരച്ചിട്ടുണ്ട്. വിശ്വകർമ്മ കലാസാഹിത്യസംഘമാണ് ഈ ചിത്രം സമർപ്പിച്ചത്. പ്രശാന്ത്, അനീഷ് കൃഷ്ണ, ദിനു വിജയൻ, രഞ്ജിത്ത്, രവീന്ദ്രൻ എന്നിവരാണ് ചിത്രകാരൻമാർ.