കാഞ്ഞിരപ്പള്ളി : ഒരു ജനപ്രതിനിധിയെന്നാൽ ജനങ്ങളുടെയെല്ലാം സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പം നില്ക്കുന്ന ആളായിരിക്കണം എന്നാണ്. തന്റെ വാർഡിലുള്ള വീട്ടിലെ പശുവിന്റെ ക്ഷേമം അന്വേഷിക്കുന്ന ജനപ്രതിനിധികൾ അപൂർവമാണ്. എലിക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് മെമ്പറും പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ മാത്യൂസ് പെരുമനങ്ങാടനാണ് ആ അപൂർവമായ കഥാപാത്രം. തന്റെ വാർഡിലെ ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞ് ഒഴികെ എല്ലാവരും കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വേളയിൽ കാലിത്തൊഴുത്തിൽ നിന്ന നാൽക്കാലിയുടെ ക്ഷേമം അന്വേഷിച്ചാണ് മെമ്പർ എത്തിയത്. അയൽവാസികൾ പോലും കയറാൻ മടിച്ച വീട്ടിലേക്ക് എല്ലാ സുരക്ഷ മുൻകരുതലുകളും പാലിച്ച് അദ്ദേഹം പശുവിന് വെള്ളവും പുല്ലും കൊടുത്തു. ഒപ്പം അയൽവാസികളോട് ഒരു അഭ്യർത്ഥന കൂടി നടത്തിയാണ് അദ്ദേഹം മടങ്ങിയത്. നാളെയും നിങ്ങൾ വരണം, മുറ്റത്ത് കയറാൻ മടിയാണെങ്കിൽ ഞാൻ കയറിക്കൊള്ളാം.ഗേറ്റിന് സമീപം അല്പം ജലവും, തീറ്റയുമെത്തിച്ചാൽ മതി. പശുവിനെ നോക്കണം,വെള്ളവും കൊടുക്കണം. വോട്ടില്ലെങ്കിലും അവരും ഈ വാർഡിലെ
ഭൂമിയുടെ അവകാശികളാണ്.