കാഞ്ഞിരപ്പള്ളി : എലിക്കുളം പഞ്ചായത്ത് പരിധിയിൽ വരുന്ന പാടശേഖരങ്ങളിൽ നെൽക്കൃഷി നടത്താൻ സൗജന്യമായി ഉമ ഇനത്തിൽപ്പെട്ട വിത്തുകൾ വിതരണം ചെയ്തു. പഞ്ചായത്ത്, എലിക്കുളം കൃഷിഭവൻ, കാപ്പുകയം പാടശേഖര സമിതി, പൊന്നൊഴുകും തോട് ഡെവലപ്പ്മെന്റ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സൗജന്യ നെൽവിത്ത് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലദേവി നിർവഹിച്ചു. കാപ്പുകയം പാടശേഖര സമിതി പ്രസിഡന്റ് ജോസ് ടോം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ മാത്യൂസ് പെരുമനങ്ങാട് മുഖ്യപ്രഭാഷണം നടത്തി.
കൃഷി ഓഫീസർ നിസ്സ ലത്തീഫ് വിഷയാവതരണം നടത്തി. അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എ.ജെ.അലക്‌സ് റോയ്, അനൂപ്.കെ.കരുണാകരൻ, പാടശേഖര സമിതി സെക്രട്ടറി ജസ്റ്റിൻ മണ്ഡപം, എന്നിവർ സംസാരിച്ചു.